My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Tuesday, April 2, 2013

രാഘവൻ എന്ന രോഗിക്ക് പിണറായി പാല് വിധിക്കുമ്പോൾ

സാർ! അങ്ങ് മേലേത്ത്  വീട്ടില് രാഘവൻ എന്ന പഴയ സുഹൃത്തായ രോഗിയെ സന്ദര്ശിച്ചു എന്നറിഞ്ഞു. സന്തോഷം! രോഗം വരുമ്പോൾ പഴയ എല്ലാ ശത്രുതയും മറന്ന് അവരെ സന്ദർശിക്കുന്നതാണ് നമ്മുടെ സംസ്കാരം. ഇതിനേക്കാൾ രോഗാവസ്ഥയിൽ ഈ രാഘവൻ എന്ന പഴയ 'സഖാവ്  എം വി ആർ' കിടക്കുമ്പോൾ കണ്ണൂരിലുണ്ടായിട്ടും താങ്കള് തിരിഞ്ഞു നോക്കിയോ എന്ന ചോദ്യത്തിന്  ഇവിടെ പ്രസക്തിയില്ലെന്നറിയാവുന്നതിനാൽ ചോദിക്കുന്നില്ല. "ആവശ്യ സമയത്തിനു ഇളക്കാനുള്ളതാണ് തവി" എന്നൊരു പഴമൊഴിയുണ്ട്. "രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നു പുതുമൊഴിയും!

രാഷ്ട്രീയത്തിൽ ഞങ്ങളറിയുന്ന ഒരു രാഘവൻ 'എം വി രാഘവൻ' എന്ന സീഎംപിക്കാരനാണ്. കോമ്പല്ലുകളിൽ നിന്ന് രക്തം ഇറ്റുന്ന ചിത്രവുമായി അന്നൊക്കെ ദേശാഭിമാനിയിൽ ഇദ്ദേഹത്തെ  വരച്ചു വെച്ചിരുന്നുവെന്നത് ഞങ്ങൾ കൃത്യമായി ഓര്ക്കുന്നു. ഒന്ന് കണ്ടാൽ കല്ലെറിയാൻ അന്നൊക്കെ കൈ തരിച്ചിട്ടും ഉണ്ട്. പാര്ട്ടി കുടുംബങ്ങളിലെ കൊച്ചു കുട്ടികളെ രാത്രി രാഘവന്റെ ചിത്രം കാട്ടി പേടിപ്പെടുത്തുക വരെ ചെയ്തിരുന്നു അന്ന് അമ്മമാർ!
അങ്ങ് കൂത്തുപറമ്പ് എന്ന സ്ഥലനാമം മറന്നു പോയോ സാർ ?
ചിതറിത്തെറിച്ച ചോരപ്പൂക്കൾക്കും, വാനിലേക്കുയര്ന്ന ചെങ്കൊടിക്കും , പിടഞ്ഞു പിടഞ്ഞു നിശ്ചലമായ കൈ കാലുകല്ക്കും ഇടയിൽ  കൂത്തുപറമ്പെന്ന കൊച്ചു രാജ്യത്ത് ചോരകൊണ്ട് മനസ്സില് കൊത്തി വെച്ചിട്ടുണ്ട്  മറക്കാനാവാതെ ഒരു നാമം!
ഒരു പക്ഷെ സുഖകരമായ ഒരു മറവിയിൽ  താങ്കള് അത് കാര്യമാക്കുന്നുണ്ടാവില്ല (ചരിത്രത്തിൽ അത് പതിവാണ് 

കഴിഞ്ഞ 2012 നവമ്പർ 25 നു 18 വര്ഷം തികഞ്ഞ ഒരു സംഭവമുണ്ട്. കൂത്ത് പറമ്പിലെ വെടിവപ്പ്!
അവിടെ വെടിയേറ്റ്‌ വീണ അഞ്ചു രക്ത നക്ഷത്രങ്ങളുണ്ട്.  രാജീവൻ, ബാബു, റോഷൻ, മധു, ഷിബുലാൽ എന്നിവര് !
അവർ താങ്കള് സന്ദര്ശിച്ചു കുശലം പറഞ്ഞ രോഗിയെ കരിങ്കൊടി കാട്ടി വഴിതടഞ്ഞ പാര്ട്ടീ പ്രവർത്തകരിൽ പെട്ടവരായിരുന്നു. പാര്ട്ടി ആഹ്വാനം ചെയ്ത സമരത്തിൽ പാര്ട്ടിക്കു വേണ്ടിയാണ് അവർ ജീവത്യാഗം ചെയ്തത്. അവരുടെ ധീരസ്മരണകൾ ഇന്നും അവർ നിലകൊണ്ട യുവജന പ്രസ്ഥാനത്തിന്റെ ഊർജ്ജപ്രവാഹവുമാണ്. അഭിമാനത്തോടെയാണ് ഈ പേരുകൾ കാലം നെഞ്ചേറ്റുന്നത് .
അന്നത്തെ വെടിവെപ്പിൽ ജീവൻ ബാക്കിയായി അരക്കു താഴെ ചലന ശേഷി നഷ്ട്ടപ്പെട്ട പുഷ്പൻ ജീവിക്കുന്നുണ്ട് ഇപ്പോഴും...

ഓർമ്മകൾ ഉണ്ടായിരിക്കരുത് 

മുസ്ലിംലീഗിനെ ഇടതു മുന്നണിയിൽ എടുക്കണം എന്ന് പാര്ട്ടീ വേദിയിൽ ഒരു ബദൽ രേഖ അവതരിപ്പിച്ചതിനാണ് സീപീഐഎമ്മിൽ നിന്ന് എം വി രാഘവൻ പുറത്താക്കപ്പെടുന്നത്. യൂഡീഎഫിനെ തോല്പ്പിക്കാൻ ആരുമായും കൂട്ട് കൂടുക എന്ന മഹാപരാധം അന്ന് പാര്ട്ടിക്കു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പ്രത്യേകിച്ചും ആദര്ശ പുരുഷ ഇമേജിലേക്ക് വീയെസ് നടന്നു തുടങ്ങിയ ഒരു കാലത്ത്. അന്ന് വീയെസ്സിന്റെ അരുമ ശിഷ്യനായിരുന്ന പിണറായി പോലും വീയെസ്സിന്റെ എതിര്പ്പുകല്ക്കൊപ്പം അമര്ത്തി മൂളിയിരുന്നു! അന്ന് മൂളൽ മാത്രമായിരുന്നു പിണറായിയുടെ അഭിപ്രായം. 
പുറത്താക്കപ്പെട്ട രാഘവൻ അടി കൊണ്ട പാമ്പായിരുന്നു. ചുവപ്പായി കാണുന്നവരെ മുഴുവൻ കടിച്ചും, വിഷം ചീറ്റിയും, പത്തി കാണിച്ച് പേടിപ്പിച്ചും നടന്നു രാഘവൻ!
'നട്ടെല്ലില്ലാത്തവൻ' എന്ന് വിളിച്ച നാവു കൊണ്ട് രാഘവൻ കരുണാകരനെ 'ലീഡറേ' എന്ന് വിളിച്ചപ്പോൾ 'എന്ത് വരമാണ് വേണ്ടതെന്നു' യൂ ഡി എഫിൽ നിന്ന് ഭക്തന്റെ അഭീഷ്ട്ടം ആരാഞ്ഞു! നാണം കൊണ്ട് പെരുവിരൽ കൊണ്ട് തറയിൽ കൈപ്പത്തി വരച്ച രാഘവനെ മന്ത്രി വരെയാക്കി ഉദ്ദിഷ്ട്ട കാര്യത്തിനു ഉപകാര സ്മരണ ചെയ്തു ലീഗ് കൂടി അടങ്ങുന്ന യൂ ഡീ എഫ്  മന്ത്രിസഭ!ജീവിതകാലത്ത് ഏറ്റവും അധിക്ഷേപിച്ച കരുണാകരന്റെ കോളാമ്പിയും താങ്ങി മെലിഞ്ഞ ആനയായി യൂഡീ എഫിന്റെ തോഴുത്തിലായി പിന്നീട് രാഘവൻ എന്ന പഴയ തിടമ്പേറ്റിയ ആനയുടെ പൊറുതി.

ഇന്ന് പക്ഷെ പഴയ എം വി ആർ  അങ്ങ് നരച്ചു, പല്ലുകൾ കൊഴിഞ്ഞു, കാഴ്ചയും അത്ര പിടിക്കുന്നില്ല. ഒന്ന് അലറാനുള്ള കരുത്ത് പോയിട്ട്  ഒന്ന് കാറി കഫം തുപ്പാനുള്ള ശേഷി പോലും കമ്മി  !
ഒഴിച്ചു കെട്ടാൻ വൃദ്ധസദനം തിരയുന്നുണ്ട് യൂ ഡി എഫ്  എന്ന് മനസ്സിലാക്കിയപ്പോഴാണ് പഴയ തറവാടിന്റെ ഗൃഹാതുര സ്മരണകൾ  രാഘവനെ വേട്ടയാടാൻ തുടങ്ങുന്നത്. പിണറായി വിജയന് എന്ന പാര്ടി സെക്രട്ടറിക്കാണെങ്കിൽ ഇപ്പോൾ മഹാ മനസ്കതയുടെയും ക്ഷമാശീലത്തിന്റെയും അസ്കിതയുമുണ്ട്. പ്രായത്തിന്റെ പക്വത എന്നല്ലാതെ എന്താ പറയുക?
യൂ ഡീ എഫിനെ തോല്പ്പിക്കാൻ ആരുമായും കൂട്ട് കൂടുക എന്ന പഴയ എം വി ആർ ഫോര്മുല തന്നെയാണ് ഇപ്പോൾ പാര്ട്ടീ സെക്രട്ടറിയെയും ഉത്തേജിപ്പിക്കുന്നത്.

വീയെസ്സിനെ പോലെയുള്ള സീനിയര് പൊതു ശല്യത്തിനെതിരെ പാർട്ടിയിൽ സ്ഥാപിക്കാനുള്ള ഒരു സീനിയര് റബ്ബർ സ്റ്റാമ്പ്  തന്നെയാകും രാഘവനിലൂടെ അവതരിക്കാൻ പോകുന്നത്! ഗൌരിയമ്മ പോലും "പാര്ട്ടി നല്ല പാര്ട്ടി എന്റെ നല്ല പാര്ട്ടി എന്ത് നല്ല പാര്ട്ടി" എന്ന് മൂളിപ്പാട്ട് പാടി, വേലിക്കൽ നിന്ന് പിണറായിയെ കണ്ണ് കാണിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഗൗരിയമ്മയെ പോലെ സഹന സമരത്തിന്റെ ചെന്തീയിൽ കുരുത്ത ഒരു വിപ്ലവകാരിക്ക് ചുവന്ന പട്ടു പുതച്ച് മരിക്കാനുള്ള മോഹത്തെ നമുക്ക് മനസ്സിലാക്കാൻ കഴിയും അങ്ങിനെയാണോ സാർ നമ്മിൽപെട്ട അഞ്ചു പേരുടെ ഇട നെഞ്ചിലേക്ക് പ്രതികാരത്തിന്റെ കാഞ്ചി വലിച്ച ഒരു  ശത്രുവിനോട് ക്ഷമിക്കുന്നത്...? അതും അധികാരം നിഷേധിക്കപ്പെടുമ്പോൾ മാത്രം തോന്നുന്ന ഈ പഴയ സ്നേഹത്തിന്റെ ഓർമ്മപുതുക്കലുകൾക്ക്....!

ഇതൊരു സാധാരണ സൌഹൃദ സന്ദര്ശനം മാത്രമാണെന്നും ഇതിനു പിന്നിൽ ഒരു അണിയറ നാടകത്തിന്റെയും പിന്ബലമില്ല എന്നും ഞങ്ങൾ വിശ്വസിച്ചോട്ടെ സാർ! അല്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല!
 മാപ്പ് തരില്ല! വെടിയേറ്റു  വീണപ്പോഴും ചെങ്കൊടി കയ്യിൽ നിന്ന് വിടാതെ ഇങ്ക്വിലാബു വിളിച്ച്, തുറന്ന വായ അടക്കാതെ മരണത്തിലേക്ക് ധീരമായി നടന്നു പോയ ആ രക്തനക്ഷത്രങ്ങൾ....

   .