My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Sunday, December 19, 2010

പഴയ കലണ്ടര്‍ മാറ്റുമ്പോള്‍ ....


പുതിയ കലണ്ടര്‍ കൊണ്ട് ഏച്ചുകെട്ടുകയാണ്
ചുമരുകള്‍  വര്‍ത്തമാനത്തെ...
ചിതല്‍ തിന്നു തീര്‍ത്ത പഴയ മറവിത്താളുകള്‍
എന്തൊക്കെയായിരുന്നിരിക്കണം അടയാളപ്പെടുത്തിയത് ?

ജനുവരി ഫെബ്രുവരികള്‍
പഴകി മഞ്ഞച്ച്
ചിതലരിച്ച്‌ ദ്രവിച്ച് ..
മാര്‍ച്ചിനും ഏപ്രിലിനും
ഉച്ചച്ചൂട്, വിയര്‍പ്പു മണം
മേയ് ജൂണില്‍
പുത്തന്‍ കുട,പുതു പുസ്തകം, മഴ നനഞ്ഞ സ്കൂള്‍ വഴികള്‍
ജൂലായ്‌ ആഗസ്റ്റ്
മടുപ്പ് , മടി, ഒളിച്ചു കളിക്കും മേഘങ്ങള്‍,സ്വാതന്ത്ര്യ തോറ്റം
സെപ്റ്റംബര്‍, ഒക്ടോബര്‍
വിപ്ലവം, ഗാന്ധി വഴി, ചില ഓര്‍മ്മത്തെറ്റുകള്‍
നവംബര്‍, ഡിസംബര്‍
പൂരം, പുലര്‍ മഞ്ഞ്, യാത്രാ തിടുക്കം

അതിനിടയില്‍
സദ്യകള്‍, കല്യാണത്തിരക്കുകള്‍
വിഷുക്കണി, പൂക്കളം
പെരുന്നാള്‍ തക് ബീറുകള്‍, കരോള്‍ ഗീതകം
ജയിക്കാത്ത വിപ്ലവങ്ങള്‍, കണ്ണീര്‍ക്കഥകള്‍
കൊലപാതകം, മോഷണം, അപകട മരണം....
പറയാതെ പോകുന്നവര്‍,
വിളിക്കാതെ വരുന്നവര്‍
വഴിയമ്പലത്തിന്റെ ചിട്ടവട്ടങ്ങള്‍ അറിയാത്തവര്‍...
തെരുവിന്‍ ഞരക്കങ്ങള്‍
വിശപ്പിന്‍ വിലാപങ്ങള്‍
അമ്മത്തൊട്ടിലില്‍  ജീവന്റെ ഞരക്കം
ജയില്പ്പുരകള്‍ അഭയ കുടീരങ്ങളെന്നു വാഴ്ത്തും
വൃദ്ധ ജന്മങ്ങളുടെ വെളിച്ചമില്ലാത്ത സദനങ്ങള്‍ .....

എവിടെയൊക്കെയോ പുക പടരുന്നു
മൌന ജാഥകള്‍ കടന്നു പോകുന്നു
രക്ത പുഷ്പ്പങ്ങള്‍ ബലികുടീരങ്ങളില്‍ വാടിക്കരിയുന്നു

ഡിസംബര്‍ ഒടുവിലെ താളും എണ്ണിത്തീര്‍ത്ത്
കള്ളി തിരിച്ച പുതിയ വര്‍ണ്ണാക്ഷരങ്ങളെ
പഴയ ആണിത്തുളയില്‍  ചേര്‍ത്ത് വെക്കുമ്പോള്‍
ഭദ്രമല്ലാത്തൊരു  കാലം കൂടി
ചുമരില്‍ പറ്റിപ്പിടിച്ചു നില്‍ക്കുന്നു