My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Sunday, September 19, 2010

ശഹരസാദ് അല്ല ആയിരത്തി ഒന്നാമത്തെ കഥ പറഞ്ഞത് !

ഇനി കഥയില്ല
മൊഴിയുമില്ല
മരിച്ചാല്‍ മതിയെനിക്ക്
ഉറക്കച്ചടവില്‍,
മത്തു പിടിപ്പിക്കുന്ന അത്തര്‍ മണത്തില്‍,
ശ്വാസം മുട്ടും കുന്തിരിക്കപ്പുകയില്‍
നിന്റെ ആര്‍ത്തി പിടിച്ച കണ്ണില്‍ നോക്കി
ഇനിയെനിക്ക് പറയാനൊന്നുമില്ല
ഒന്നും...,

വാളുകള്‍ കണ്ടു കണ്ടെനിക്ക്‌ ഭീതി മാറി
ഇരുട്ടിന്‍ പരിണാമങ്ങളെ പരിചയവുമായി
രാവേറെ വളരുവോളം കഥ മെനഞ്ഞ്
ഒരു പുലരി പോലും കാണാതെ
അടുത്ത രാവു വരെയും ഉറങ്ങിയുറങ്ങി,
എനിക്ക് നഷ്ട്ടപ്പെട്ടത് എത്ര പകലുകള്‍!
എന്റെ എത്ര സൂര്യ മോഹങ്ങള്‍ !

ഒറ്റ  നിമിഷത്തില്‍  തീരുമൊരു
ജീവ ബന്ധനം ഭയന്ന്
മരണം  വരെ
എത്ര കളവുകളെ  ഞാന്‍  കഥയാക്കണം ?

കൊട്ടാര  ഭ്രുത്യരുടെ അശ്ലീല നോട്ടങ്ങളില്‍ ചൂളി,
അസൂയ മൂത്ത പരിചാരികക്കൂട്ടത്തിന്‍
മുന വെച്ച വാക്കുകളില്‍ മനം നൊന്ത്
ചരിത്രങ്ങളില്‍ ഇടം പിടിക്കാന്‍ മാത്രം
ഞാന്‍
നിന്‍റെ കിരീടമില്ലാത്ത നരച്ച തലയെ
ഇനിയും എത്ര കാലം മടിയില്‍ പേറണം?

അതിനാല്‍ ഞാന്‍ ഇന്ന് പറയാന്‍ പോകുന്നത്
ആയിരാമത്തെ കഥയാണ്‌
എന്റെ അവസാനത്തെയും...
ഒരിടത്തൊരിടത്ത് കഥ പറയുന്നൊരു
സുന്ദരിയുണ്ടായിരുന്നു .....
അവള്‍
കൊട്ടാരത്തിലെ അന്തപ്പുരത്തില്‍
മനം മയക്കുന്ന കഥകളുറങ്ങുന്ന നെഞ്ചിലേക്ക്
സ്വയം ഒരു കഠാരിയായ് ആഴ്ന്നിറങ്ങി
ആയിരത്തി ഒന്നാമത്തെ കഥയായി മാറിയത്
നാളെ മറ്റൊരാള്‍ നിന്നോട് പറയും
ഇന്നീ ഒടുവിലെ അറബിക്കഥയില്‍
ഞാനീ രാത്രിയെ യാത്രയാക്കുകയാണ്
ഹേയ് ഖുറം! നിങ്ങള്‍ ഉറക്കമായോ?