My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Sunday, August 29, 2010

ചോരച്ചുവപ്പില്‍ കത്തുന്ന പന്തങ്ങള്‍



ജീവിതം തോല്‍ക്കാനുള്ളതല്ലെന്നു  പഠിപ്പിച്ച 
ചോര പൂത്ത കാലത്തെ 
കൊത്തി വെക്കുകയാണ് 
ഓര്‍മ്മയുടെ ചുവരുകള്‍...


രോഷം കത്തും കനല്‍ക്കണ്ണുകള്‍!
ഉടല്‍ക്കരുത്തിന്‍   യൌവ്വനം! 
മേനിയിലാര്‍ന്നിറങ്ങിയ 
ആയുധ മൂര്‍ച്ചയെ തുളച്ച്‌
അന്ത്യം മുഴക്കിയ  ഇങ്കിലാബിന്‍ ചീള് ! 
എല്ലാമെല്ലാമുണ്ട്
സമയത്തെ തോല്‍പ്പിച്ചു കൊണ്ട് ചുമരില്‍.... 


നീയും ഞാനുമെന്ന അകലങ്ങള്‍ക്കിടയില്‍
സ്പന്ദിക്കുന്ന കാലത്തില്‍ നിന്ന് 
ശബ്ദമില്ലാത്ത നിലവിളികളും
അമര്‍ത്തപ്പെട്ട മുദ്രാവാക്യങ്ങളും
തുടച്ചു നീക്കപ്പെട്ട ജീവിതങ്ങളും
നമ്മെ കൂട്ടിയിണക്കുന്നു.

രക്ത സാക്ഷികള്‍ 
ചരിത്രത്തിന്റെ തെരുവില്‍ തൂക്കിയ 
പാനീസുകളാണെന്ന് 
അവര്‍ ആണയിടുന്നു
എങ്കില്‍ പിന്നെ ഇരുട്ടിലേക്ക് വലിച്ചിഴച്ചു 
അവര്‍ എന്റെ മുതുകില്‍ തെമ്മാടിയെന്നു
മുദ്ര കുത്തിയതെന്തിനായിരുന്നു?


അറിയാം.... 
ജീവിതം മുഴുവന്‍
അവരെന്നെ വേട്ടയാടും
എന്നാലും മരണം കൊണ്ട് 
എന്നെയും വാഴ്ത്തി 
പുരാവസ്തുവില്‍ ചില്ലിട്ടു തൂക്കും


ത്യാഗ കാലങ്ങളിലെ 
വീരസ്യം വിളമ്പി,
അരമനയിലെ അന്നവും,
തട്ടകങ്ങളിലെ പൊന്നാടയും വാങ്ങി
അവര്‍ക്ക് അനഭിമതനാകാതിരുന്നാല്‍ 
ഞാന്‍ പൂജ്യനായേക്കാം...


വേണ്ടാ!
എനിക്കും നിനക്കുമിടയില്‍
നമ്മളെ പിന്‍ചേര്‍ന്ന്
സ്വപ്നങ്ങളുടെ ഭാണ്ഡം പേറുവോര്‍ക്ക് 
ഞാനീ തെരുവില്‍ 
ശിരസ്സ്‌ കത്തിച്ച് 
സ്വയം വിളക്കായ് എരിയുകയാണ്‌


കിനാവിന്റെ തീപ്പന്തം ഏറ്റുവാങ്ങി 
മറ്റൊരാള്‍ വരും വരെ 
എനിക്കെങ്ങിനെ അണയാന്‍ കഴിയും....?