My Blog List

Powered By Blogger

സന്ദര്‍ശകര്‍

താളുകള്‍

Wednesday, September 11, 2013

മെസ്സിയെ കാണുമ്പോൾ കവാത്ത് മറക്കുന്നവർ


         കാറ്റ് നിറച്ച തുകൽ ഗോളം കൊണ്ട് തീ പിടിച്ച മൈതാനങ്ങളിൽ പാദങ്ങൾ കൊണ്ട് വിജയഗാഥകൾ രചിച്ച ഒട്ടനവധി ഫുട്ബോൾ പോരാളികളുണ്ട് ചരിത്രത്തിൽ. ഓരോ കാലത്തിനും ഓരോ നായകന്മാരുണ്ടായിരുന്നു. സ്വന്തം കേളീ മികവു കൊണ്ട് അവർ അവരുടെ നാമങ്ങളും അവർ പ്രധിനിധാനം ചെയ്യുന്ന രാജ്യങ്ങളുടെയും ക്ലബ്ബുകളുടെയും നാമങ്ങളും ചരിത്രത്തിൽ കൊത്തിവെച്ചു. ഒട്ടു മിന്നിക്കെട്ടു പോയ കൊള്ളിയാന്മാരും കാലാതീതമായി കത്തി നില്ക്കുന്ന സൂര്യന്മാരും അവർക്കിടയിലുണ്ട്. മറഡോണ, പെലെ,സിദാൻ, ഗാരിഞ്ച, മൽദീനി, യൊഹാൻ ക്രൈഫ് , സിദാൻ, ഫിഗോ, ബാജിയോ അങ്ങിനെ ഒരു പാട് പേർ!  ഈ നിരയിൽ ഇവർക്കൊപ്പമോ ഇവർക്കു മുകളിലോ  പ്രതിഷ്ട്ടിക്കാവുന്ന ഒരു നാമമാണ് പുതിയ തലമുറയിലെ കേളീ വല്ലഭനായ മെസ്സിയുടേത്. ലോകത്തെ എക്കാലത്തെയും മികച്ച റെക്കോർഡുകൾ മെസ്സിക്ക് മുന്നിൽ വഴിമാറുകയും വഴിമാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മെസ്സി പന്ത് തട്ടുന്നത് എപ്പോഴും പുതിയ പുതിയ  ചരിത്രങ്ങളിലേക്കാണ്.

          തെരുവിൽ നിന്ന് അനാരോഗ്യത്തിന്റെ വിധി ഹിതത്തോട്  പൊരുതി ലോകത്തിന്റെ നെറുകയിൽ എത്തിച്ചേർന്ന മെസ്സിയുടെ ജീവിതം ഫിക്ഷനെ വെല്ലുന്ന റിയാലിറ്റി കൊണ്ട് സമ്പന്നമാണ്. അത് കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലും അനാരോഗ്യം കൊണ്ട് കഷ്ട്ടപ്പെടുന്ന കുട്ടികൾക്ക്  വേണ്ടി യൂണിസെഫുമായി കൈകോർക്കുന്ന മെസ്സിക്ക് അധികം പരസ്യപ്പെടുത്താത്ത ഒരു മാനുഷീക മുഖം കൂടി ഉണ്ട്. വെറും ആർത്തിരമ്പുന്ന ചതുര മൈതാനങ്ങളിൽ മാത്രം ഒതുങ്ങാത്ത മനുഷ്യത്വത്തിന്റെ മുഖം. 

            എതിരാളികൾ പോലും ഉള്ളിൽ ആരാധിക്കുന്ന പ്രതിഭയാണ് മെസ്സി. ദേശീയ ടീമുകളിൽ കളിക്കുമ്പോൾ  ചിരവൈരികളായ ബ്രസീൽ താരങ്ങളായ റൊണാൾഡീഞ്ഞൊ മുതൽ പുതിയ താരോദയമായ നൈമർ വരെ ബാര്സലോണയിൽ മെസ്സിക്കൊപ്പം കളിക്കാനാവുന്നത് ഒരു ഭാഗ്യമാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മെസ്സിയുടെ യുഗത്തിൽ പന്ത് തട്ടാനായതിൽ അഭിമാനമുണ്ടെന്നു പറഞ്ഞ താരങ്ങൾ വേറെയും.
               അടുത്ത കാലത്തൊന്നും ആർക്കും പെട്ടെന്ന് തകർക്കാൻ കഴിയാത്ത റെക്കോർഡുകളാണ്‌ മെസ്സിയുടെ പേരിലുള്ളത്. നാല് തവണ  തുടർച്ചയായി ലോക ഫുട്ബോളർ പട്ടം നേടിയ ഫിഫയുടെ ചരിത്രത്തിലെ ഏക താരമാണ് മെസ്സി. ഓരോ വർഷവും ആ പുരസ്കാരത്തിനു താൻ എത്ര മാത്രം അർഹനാണ് എന്ന്  സ്വന്തം കളി മികവു കൊണ്ട് തെളിയിച്ചിട്ടുമുണ്ട്  മെസ്സി.
എന്നാൽ കേളീ മികവിന്റെ അംഗീകാരങ്ങളെ സാധൂകരിക്കുന്നത് ഗോളുകളും പാസ്സുകളും പ്രതിനിധാനം ചെയ്യുന്ന ടീമിന്റെ ( ദേശീയ ടീമിന്റെ /  ക്ലബ്ബിന്റെ ) വിജയ മാര്ജിനും ട്രോഫികളും കൂടി ആകുമ്പോൾ, ഒരു തവണയെങ്കിലും അധികമായി ചാർത്തപ്പെട്ട ഒരു തൂവൽ മെസ്സിയുടെ ശിരസ്സിൽ ഇല്ലേ എന്നൊരു സംശയത്തിനു കൂടി പഴുതു നല്കുന്നുണ്ട്  ഭൂതകാലം! പുതിയ ലോക ഫുട്ബോളറെ തിരഞ്ഞെടുക്കാനുള്ള സജീവ ചർച്ചകളും നടപടി ക്രമങ്ങളും ഫിഫ തുടങ്ങിക്കഴിഞ്ഞ ഈ നേരത്ത് ആ ചരിത്രം ഒന്ന് പുന:പരിശോധിക്കുന്നത് നന്നായിരിക്കും.

ലയണൽ മെസ്സി

         1987 ജൂൺ 24 ന്  ഒരു ഫാക്ടറി തൊഴിലാളിയായ 'ജോർജ്ജ് ഹൊറാസിയോ മെസ്സി'യുടേയും, 'സെലിയ മറിയ കുചിറ്റിനി' എന്ന ഒരു സാധാരണ തൂപ്പുകാരിയുടെയും  മകനായി അർജന്റീനയിലെ 'റൊസാരിയോ' എന്ന പ്രദേശത്താണ്  മെസ്സി എന്ന ഇതിഹാസം വന്നു പിറക്കുന്നത്.  
ജന്മനാ പോഷകാഹാരക്കുറവു കൊണ്ടും ഹോർമോണ്‍ തകരാര് കൊണ്ടും വലഞ്ഞ ഒരു മെലിഞ്ഞ രോഗിയായ പയ്യനിൽ നിന്ന് ലോകത്തിന്റെ നെറുകകയിലേക്ക് മെസ്സിയെ കൈ പിടിച്ചു നടത്തിയത്  ഈ കുട്ടിയുടെ കാലുകളിലെ മാന്ത്രിക ചലനങ്ങൾ കണ്ടറിഞ്ഞ ബാര്സലോണ എന്ന ക്ലബ്ബായിരുന്നു. അവരുടെ സോക്കർ നഴ്സറിയിൽ വളർന്നു വന്ന മെസ്സി അവരുടെ പ്രതീക്ഷകളെ മുഴുവൻ സഫലമാക്കിക്കൊണ്ട്  തന്റെ പാദങ്ങൾ കൊണ്ട് പിൽക്കാലത്ത്  ക്ലബ്ബിനു നന്ദി പറഞ്ഞത് ചരിത്രം. വെറും പതിനേഴു വയസ്സും പത്തുമാസവുമുള്ള  സമയത്ത് വിഖ്യാതമായ ബാഴ്സലോണയുടെ ടീമിന് വേണ്ടി ആദ്യ ഗോളടിച്ച്   കൊണ്ടാണ് മെസ്സിയുടെ അരങ്ങേറ്റം. ബാഴ്സലോണക്ക് വേണ്ടി ഗോൾ  നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന് അന്നേ  റെക്കോര്ഡ് ബുക്കിൽ മെസ്സി സ്വന്തം നാമം കോറിയിട്ടു. പിന്നീടങ്ങോട്ട്‌   മെസ്സിയുടെ കളി ജീവിതത്തിന്റെ ഗ്രാഫ് ലംബമായിട്ടാണ് വളർന്നത്.

              21 ആം വയസ്സിൽ യൂറോപ്യൻ ഫുട്ബോളർ ഓഫ് ദ ഇയർ, ഫിഫ ലോക ഫുട്ബോളർ ഓഫ് ദ ഇയർ എന്നീ പുരസ്കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യപ്പെട്ട മെസ്സി  22 ആം വയസ്സിൽ  ആ രണ്ട് പുരസ്കാരങ്ങളും കരസ്ഥമാക്കി. 2013 ജനുവരി 7ന് ലഭിച്ച നാലാമത്തെ ബാലൺ ഡി ഓർ( Ballon d'Or ) ബഹുമതിയോടെ, ഈ ബഹുമതി 4 തവണ നേടുന്ന ലോകത്തെ ആദ്യ കളിക്കാരനായി മെസ്സി മാറി . 2009, 2010, 2011, 2012 വർഷങ്ങളിലായി തുടരെ 4 തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കിയത്.

കഴിഞ്ഞ സീസണിൽ  ഒരു കലണ്ടർ  വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡിൽ നാൽപ്പത്  വർഷം  പിന്നിട്ട ജർമ്മനിയുടെ യേര്‍ഡ് മുള്ളറുടെ പേരിലുള്ള റെക്കോർഡ്  (85 ഗോൾ ) റയൽ ബെറ്റിസിനെതിരെയുള്ള ഇരട്ട  ഗോൾ വേട്ടയിലൂടെ മെസ്സി സ്വന്തം പേരിൽ എഴുതിച്ചേർത്തു.
2012ൽ  സ്പാനിഷ് ലീഗിൽ മെസ്സി ഏഴ് ഹാട്രിക്കുകൾ  നേടിയിരുന്നു.  ചാമ്പ്യന്‍സ് ലീഗിൽ ഒരു സീസണിൽ മാത്രം (2011/ 12) രണ്ട് ഹാട്രിക്ക് നേടിയ ഏക താരമെന്ന ഖ്യാതിയും മെസ്സിക്ക് സ്വന്തം. ഗോളടിക്കുന്നതിൽ മാത്രമല്ല ഗോളടിപ്പിക്കുന്നതിലും മെസ്സി മുന്നിൽ തന്നെയായിരുന്നു. ആ സീസണിൽ 29 ഗോളുകൾക്ക്  മെസ്സി സഹായിയായി. അർജന്റീനയ്ക്കായി മെസ്സി 2012 സീസണിൽ 12 ഗോളുകൾ നേടിയിരുന്നു. മൊത്തം 76 മത്സരങ്ങളിൽ നിന്നായി  31 അന്താരാഷ്ട്ര ഗോളുകൾ.  
മെസ്സി നേടിയ പുരസ്കാരങ്ങളും, മെസ്സിയുടെ മാത്രം കയ്യൊപ്പുള്ള ഗോളുകളും എന്തുകൊണ്ട് വീണ്ടും വീണ്ടും മെസ്സിയെ ലോക ഫുട്ബോളർ ആയി കളിയെഴുത്തുകാരും പരിശീലകരും പിന്തുണയ്ക്കുന്നു എന്നതിന് അടിവരയിടുന്നുണ്ട്.

             വീണ്ടുമൊരിക്കൽ കൂടി ലോക ഫുട്ബോൾ പട്ടത്തിന്റെ ചർച്ച  സജീവമാകുമ്പോഴാണ്  ഒരു പുനരാലോചനയുടെ ആവശ്യം വരുന്നത്. അവിടെയാണ് ചരിത്രത്തിൽ മെസ്സിയുടെ വാഴ്ത്തുകൾക്ക് പിന്നിൽ ഒരാൾ  മുഖം കുനിച്ചു നില്ക്കുന്നത് .

വെസ്ലി സ്നൈഡർ.

               മെസ്സി ലോക ഫുട്ബോളർ പട്ടം ചൂടിയ 2 010  സീസണിൽ  സോക്കർ സിംഹാസനങ്ങളുടെ ഉയരങ്ങളിൽ നിന്നും പിന്തള്ളപ്പെട്ട താരമായിരുന്നു വെസ്ലി സ്നൈഡർ എന്ന ഹതഭാഗ്യൻ! ആ വർഷം സ്നൈഡറുടെ നേട്ടത്തിൽ ഇറ്റാലിയൻ സീരീകപ്പും, ചാമ്പ്യൻസ് ലീഗും, ലോക കപ്പിലെ അഞ്ചു ഗോൾ മികവും  ഉണ്ടായിരുന്നു. ലോകകപ്പ്‌ ഫൈനൽ റണ്ണർ അപ്പായിരുന്നു സ്നൈഡറുടെ ടീം. കണക്കുകളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ആ വർഷത്തെ ഏറ്റവും മികച്ച ശരാശരിയുള്ള കളിക്കാരനായിരുന്നു സ്നൈഡർ എന്ന് നിസ്സംശയം പറയാം. എന്നാൽ കളിയെഴുത്തുകാരുടെയും, ലോക ഫുട്ബോളിലെ പരിശീലകരുടെയും വോട്ടിംഗിൽ സ്നൈഡർ ബഹുദൂരം പിറകിലായിരുന്നു. മെസ്സിക്കും, സാവിക്കും, ഇനിയസ്റ്റക്കും പിറകിലായി ആദ്യ മൂന്നുസ്ഥാനങ്ങൾ പോലും ലഭിക്കാതെ സ്നൈഡർ അന്തിമ ലിസ്റ്റിൽ നിന്ന് പുറത്തായി. ഫിഫയുടെ ലോകകപ്പിലെ 'സിൽവർ  ബോളും', 'ബ്രോണ്സ് ഷൂ'വും വാങ്ങിയ താരം! ആ വര്ഷത്തെ ഫിഫയുടെ ലോക ഇലവനിൽ ഇടം പിടിച്ച താരം!  ഏറെ മോഹിച്ച ലോകഫുട്ബോളർ പട്ടം ലഭിക്കാതെ വെറും കാഴ്ചക്കാരനായി മാറി. സ്നൈഡറെ പോലെയുള്ള ഒരാൾക്ക്  ഒരിക്കൽ മാത്രം ലഭിക്കുന്ന അനുകൂലമായ സുവർണ്ണാവസരം നിഷേധിച്ചു കൊണ്ട് ഫിഫ മെസ്സിക്ക് തന്നെ ലോകഫുട്ബോളർ പട്ടം ചാർത്തി നല്കി.

                 സ്നൈഡറെയും മെസ്സിയെയും ആ സീസണിൽ തുലനം ചെയ്‌താൽ മെസ്സി തന്നെയാകും മികച്ച ഗോൾ ശരാശരി കൊണ്ടും ടീമിന്റെ മൊത്തം വിജയങ്ങൾ കൊണ്ടും, പ്രതിഭ കൊണ്ടും മുന്നില് ഉണ്ടാവുക എന്നത് നിസ്തർക്കമാണ്. പക്ഷെ കണക്കുകളുടെ ആധികാരികതയിൽ, നേട്ടങ്ങളുടെ പിൻബലത്തിൽ, സ്നൈഡറെ പോലെ ഒരു കളിക്കാരന്  ഒരു തവണമാത്രം ലഭിക്കാൻ സാധ്യതയുള്ള ലോക ഫുട്ബോളറുടെ കിരീടം അന്ന് അർഹിച്ചിരുന്നു എന്നതാണ് വാസ്തവം.

ഫ്രാങ്ക് റിബറി

               വീണ്ടും വിശ്വകേളീ വല്ലഭനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ ചൂട് പിടിക്കുകയാണ്. പതിവ് പോലെ മുൻ നിരയിൽ മെസ്സിയുടെ നാമം ഉണ്ട്. മെസ്സിക്ക്   ക്ലബ്ബ് ഫുട്ബോളിൽ മികച്ച ശരാശരിയുണ്ട്. ദേശീയ ടീമിന് വേണ്ടി മികച്ച റെക്കോർഡുകൾ ആണ്  ഈ വർഷവും. കളിയിലെ മാന്ത്രിക സ്പർശം കൊണ്ടും, കരുത്തും, സൗന്ദര്യവും ഇഴ ചേർന്ന  സ്വന്തം ശൈലി കൊണ്ടും ലോകം കീഴടക്കിയ മെസ്സിയെന്ന ഇതിഹാസ താരത്തിനൊപ്പം ഭ്രമണം നടത്തുകയാണ് ഫുട്ബോൾ പ്രേമികൾ ഇക്കുറിയും. ഈ വർഷം ഫ്രാങ്ക് റിബറിയാണ് സജീവമായി ചർച്ചയിൽ നിറയുന്ന മറ്റൊരു താരം. ബയറണ്‍ മ്യൂണിക്കിന്റെ ഈ ഫ്രഞ്ച് താരം  2012 / 13 യൂറോപ്യന്‍ സീസണിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാര്സലോണയുടെ അര്‍ജന്റീനാതാരം ലയണൽ മെസ്സി, റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ  താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് റിബറി ഈ പുരസ്‌കാരത്തിന് അർഹനായത്.
തന്റെ ടീമായ ബയറണ്‍ മ്യൂണിക്കിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുന്നതിലും ജർമൻ ചാമ്പ്യന്മാരാക്കുന്നതിലും വഹിച്ച പങ്കാണ് റിബറിയെ ഈ സ്ഥാനത്തിനു അർഹമാക്കിയത് . ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ  ബയറണിന്റെ വിജയഗോൾ ആര്യൻ  റോബൻ  നേടിയത് റിബറി നല്കിയ  പാസിൽ നിന്നായിരുന്നു.

               ലോക താരത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി റിബറിയേയും മെസ്സിയെയും വേറിട്ടൊരു താരതമ്യപ്പെടുത്തലിനു  മുതിരുന്നത്  റിബറിയോട്  ചെയ്യുന്ന അനീതിയായിരിക്കും. മെസ്സിക്ക് ഇനിയും അങ്കങ്ങൾക്ക്  പ്രായവും അവസരങ്ങളും പ്രതിഭയും ഉണ്ട്. സ്നൈഡറെ പോലെ റിബറിയും കണക്കുകളിൽ വളരെയേറെ മുന്നിലാണ്. ഇനി  റിബറിക്കു മുന്നിൽ  ഇത് പോലെ ഒരു അവസരം മുട്ടിവിളിക്കാനുള്ള സാധ്യതയും വിദൂരം! ഇപ്പോഴില്ലെങ്കിൽ ഇനിയൊരിക്കലുമില്ലെന്ന രീതിയിലാണ് റിബറിയുടെ കരിയർ!  
കളിയെഴുത്തുകാരും പരിശീലകരും ഇക്കുറിയും മെസ്സിയെ കാണുമ്പോൾ കവാത്ത് മറക്കുമോ  ? അതോ ഫ്രഞ്ചുകാരുടെ റിബറി സിദാനു ശേഷം മറ്റൊരു ചരിത്രമാകുമോ?  കാത്തിരുന്നു കാണാം.

( ഇതൊക്കെയാണെങ്കിലും ഇപ്പോഴും ഈ ലോക ഫുട്ബോളർ പട്ടം മെസ്സിക്ക് ലഭിക്കണം എന്നാണു എന്റെ ഉള്ളിലെ മോഹം. (ഞാൻ ഒരു അർജന്റീന ഫാൻസ്‌ ആയതു കൊണ്ടാകാം)
ഒരു തുക്കടാ ബ്ലോഗർ  ആയ ഞാൻ പോലും ഇങ്ങിനെ ചിന്തിക്കുമ്പോൾ ലോക ഫുട്ബോളിലെ ആസ്ഥാന കളിയെഴുത്തുകാരെ എങ്ങിനെ വിമർശിക്കും എന്ന വിരോധാഭാസം ചിന്ത്യം )

വിവരങ്ങൾക്ക് കടപ്പാട് :  എ. എൻ രവീന്ദ്രദാസ്, വിക്കി, സ്പോര്ട്സ് ലേഖനങ്ങൾ, കളിയിടത്തിലെ കൂട്ടുകാർ 

Tuesday, April 2, 2013

രാഘവൻ എന്ന രോഗിക്ക് പിണറായി പാല് വിധിക്കുമ്പോൾ

സാർ! അങ്ങ് മേലേത്ത്  വീട്ടില് രാഘവൻ എന്ന പഴയ സുഹൃത്തായ രോഗിയെ സന്ദര്ശിച്ചു എന്നറിഞ്ഞു. സന്തോഷം! രോഗം വരുമ്പോൾ പഴയ എല്ലാ ശത്രുതയും മറന്ന് അവരെ സന്ദർശിക്കുന്നതാണ് നമ്മുടെ സംസ്കാരം. ഇതിനേക്കാൾ രോഗാവസ്ഥയിൽ ഈ രാഘവൻ എന്ന പഴയ 'സഖാവ്  എം വി ആർ' കിടക്കുമ്പോൾ കണ്ണൂരിലുണ്ടായിട്ടും താങ്കള് തിരിഞ്ഞു നോക്കിയോ എന്ന ചോദ്യത്തിന്  ഇവിടെ പ്രസക്തിയില്ലെന്നറിയാവുന്നതിനാൽ ചോദിക്കുന്നില്ല. "ആവശ്യ സമയത്തിനു ഇളക്കാനുള്ളതാണ് തവി" എന്നൊരു പഴമൊഴിയുണ്ട്. "രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നു പുതുമൊഴിയും!

രാഷ്ട്രീയത്തിൽ ഞങ്ങളറിയുന്ന ഒരു രാഘവൻ 'എം വി രാഘവൻ' എന്ന സീഎംപിക്കാരനാണ്. കോമ്പല്ലുകളിൽ നിന്ന് രക്തം ഇറ്റുന്ന ചിത്രവുമായി അന്നൊക്കെ ദേശാഭിമാനിയിൽ ഇദ്ദേഹത്തെ  വരച്ചു വെച്ചിരുന്നുവെന്നത് ഞങ്ങൾ കൃത്യമായി ഓര്ക്കുന്നു. ഒന്ന് കണ്ടാൽ കല്ലെറിയാൻ അന്നൊക്കെ കൈ തരിച്ചിട്ടും ഉണ്ട്. പാര്ട്ടി കുടുംബങ്ങളിലെ കൊച്ചു കുട്ടികളെ രാത്രി രാഘവന്റെ ചിത്രം കാട്ടി പേടിപ്പെടുത്തുക വരെ ചെയ്തിരുന്നു അന്ന് അമ്മമാർ!
അങ്ങ് കൂത്തുപറമ്പ് എന്ന സ്ഥലനാമം മറന്നു പോയോ സാർ ?
ചിതറിത്തെറിച്ച ചോരപ്പൂക്കൾക്കും, വാനിലേക്കുയര്ന്ന ചെങ്കൊടിക്കും , പിടഞ്ഞു പിടഞ്ഞു നിശ്ചലമായ കൈ കാലുകല്ക്കും ഇടയിൽ  കൂത്തുപറമ്പെന്ന കൊച്ചു രാജ്യത്ത് ചോരകൊണ്ട് മനസ്സില് കൊത്തി വെച്ചിട്ടുണ്ട്  മറക്കാനാവാതെ ഒരു നാമം!
ഒരു പക്ഷെ സുഖകരമായ ഒരു മറവിയിൽ  താങ്കള് അത് കാര്യമാക്കുന്നുണ്ടാവില്ല (ചരിത്രത്തിൽ അത് പതിവാണ് 

കഴിഞ്ഞ 2012 നവമ്പർ 25 നു 18 വര്ഷം തികഞ്ഞ ഒരു സംഭവമുണ്ട്. കൂത്ത് പറമ്പിലെ വെടിവപ്പ്!
അവിടെ വെടിയേറ്റ്‌ വീണ അഞ്ചു രക്ത നക്ഷത്രങ്ങളുണ്ട്.  രാജീവൻ, ബാബു, റോഷൻ, മധു, ഷിബുലാൽ എന്നിവര് !
അവർ താങ്കള് സന്ദര്ശിച്ചു കുശലം പറഞ്ഞ രോഗിയെ കരിങ്കൊടി കാട്ടി വഴിതടഞ്ഞ പാര്ട്ടീ പ്രവർത്തകരിൽ പെട്ടവരായിരുന്നു. പാര്ട്ടി ആഹ്വാനം ചെയ്ത സമരത്തിൽ പാര്ട്ടിക്കു വേണ്ടിയാണ് അവർ ജീവത്യാഗം ചെയ്തത്. അവരുടെ ധീരസ്മരണകൾ ഇന്നും അവർ നിലകൊണ്ട യുവജന പ്രസ്ഥാനത്തിന്റെ ഊർജ്ജപ്രവാഹവുമാണ്. അഭിമാനത്തോടെയാണ് ഈ പേരുകൾ കാലം നെഞ്ചേറ്റുന്നത് .
അന്നത്തെ വെടിവെപ്പിൽ ജീവൻ ബാക്കിയായി അരക്കു താഴെ ചലന ശേഷി നഷ്ട്ടപ്പെട്ട പുഷ്പൻ ജീവിക്കുന്നുണ്ട് ഇപ്പോഴും...

ഓർമ്മകൾ ഉണ്ടായിരിക്കരുത് 

മുസ്ലിംലീഗിനെ ഇടതു മുന്നണിയിൽ എടുക്കണം എന്ന് പാര്ട്ടീ വേദിയിൽ ഒരു ബദൽ രേഖ അവതരിപ്പിച്ചതിനാണ് സീപീഐഎമ്മിൽ നിന്ന് എം വി രാഘവൻ പുറത്താക്കപ്പെടുന്നത്. യൂഡീഎഫിനെ തോല്പ്പിക്കാൻ ആരുമായും കൂട്ട് കൂടുക എന്ന മഹാപരാധം അന്ന് പാര്ട്ടിക്കു ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. പ്രത്യേകിച്ചും ആദര്ശ പുരുഷ ഇമേജിലേക്ക് വീയെസ് നടന്നു തുടങ്ങിയ ഒരു കാലത്ത്. അന്ന് വീയെസ്സിന്റെ അരുമ ശിഷ്യനായിരുന്ന പിണറായി പോലും വീയെസ്സിന്റെ എതിര്പ്പുകല്ക്കൊപ്പം അമര്ത്തി മൂളിയിരുന്നു! അന്ന് മൂളൽ മാത്രമായിരുന്നു പിണറായിയുടെ അഭിപ്രായം. 
പുറത്താക്കപ്പെട്ട രാഘവൻ അടി കൊണ്ട പാമ്പായിരുന്നു. ചുവപ്പായി കാണുന്നവരെ മുഴുവൻ കടിച്ചും, വിഷം ചീറ്റിയും, പത്തി കാണിച്ച് പേടിപ്പിച്ചും നടന്നു രാഘവൻ!
'നട്ടെല്ലില്ലാത്തവൻ' എന്ന് വിളിച്ച നാവു കൊണ്ട് രാഘവൻ കരുണാകരനെ 'ലീഡറേ' എന്ന് വിളിച്ചപ്പോൾ 'എന്ത് വരമാണ് വേണ്ടതെന്നു' യൂ ഡി എഫിൽ നിന്ന് ഭക്തന്റെ അഭീഷ്ട്ടം ആരാഞ്ഞു! നാണം കൊണ്ട് പെരുവിരൽ കൊണ്ട് തറയിൽ കൈപ്പത്തി വരച്ച രാഘവനെ മന്ത്രി വരെയാക്കി ഉദ്ദിഷ്ട്ട കാര്യത്തിനു ഉപകാര സ്മരണ ചെയ്തു ലീഗ് കൂടി അടങ്ങുന്ന യൂ ഡീ എഫ്  മന്ത്രിസഭ!ജീവിതകാലത്ത് ഏറ്റവും അധിക്ഷേപിച്ച കരുണാകരന്റെ കോളാമ്പിയും താങ്ങി മെലിഞ്ഞ ആനയായി യൂഡീ എഫിന്റെ തോഴുത്തിലായി പിന്നീട് രാഘവൻ എന്ന പഴയ തിടമ്പേറ്റിയ ആനയുടെ പൊറുതി.

ഇന്ന് പക്ഷെ പഴയ എം വി ആർ  അങ്ങ് നരച്ചു, പല്ലുകൾ കൊഴിഞ്ഞു, കാഴ്ചയും അത്ര പിടിക്കുന്നില്ല. ഒന്ന് അലറാനുള്ള കരുത്ത് പോയിട്ട്  ഒന്ന് കാറി കഫം തുപ്പാനുള്ള ശേഷി പോലും കമ്മി  !
ഒഴിച്ചു കെട്ടാൻ വൃദ്ധസദനം തിരയുന്നുണ്ട് യൂ ഡി എഫ്  എന്ന് മനസ്സിലാക്കിയപ്പോഴാണ് പഴയ തറവാടിന്റെ ഗൃഹാതുര സ്മരണകൾ  രാഘവനെ വേട്ടയാടാൻ തുടങ്ങുന്നത്. പിണറായി വിജയന് എന്ന പാര്ടി സെക്രട്ടറിക്കാണെങ്കിൽ ഇപ്പോൾ മഹാ മനസ്കതയുടെയും ക്ഷമാശീലത്തിന്റെയും അസ്കിതയുമുണ്ട്. പ്രായത്തിന്റെ പക്വത എന്നല്ലാതെ എന്താ പറയുക?
യൂ ഡീ എഫിനെ തോല്പ്പിക്കാൻ ആരുമായും കൂട്ട് കൂടുക എന്ന പഴയ എം വി ആർ ഫോര്മുല തന്നെയാണ് ഇപ്പോൾ പാര്ട്ടീ സെക്രട്ടറിയെയും ഉത്തേജിപ്പിക്കുന്നത്.

വീയെസ്സിനെ പോലെയുള്ള സീനിയര് പൊതു ശല്യത്തിനെതിരെ പാർട്ടിയിൽ സ്ഥാപിക്കാനുള്ള ഒരു സീനിയര് റബ്ബർ സ്റ്റാമ്പ്  തന്നെയാകും രാഘവനിലൂടെ അവതരിക്കാൻ പോകുന്നത്! ഗൌരിയമ്മ പോലും "പാര്ട്ടി നല്ല പാര്ട്ടി എന്റെ നല്ല പാര്ട്ടി എന്ത് നല്ല പാര്ട്ടി" എന്ന് മൂളിപ്പാട്ട് പാടി, വേലിക്കൽ നിന്ന് പിണറായിയെ കണ്ണ് കാണിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഗൗരിയമ്മയെ പോലെ സഹന സമരത്തിന്റെ ചെന്തീയിൽ കുരുത്ത ഒരു വിപ്ലവകാരിക്ക് ചുവന്ന പട്ടു പുതച്ച് മരിക്കാനുള്ള മോഹത്തെ നമുക്ക് മനസ്സിലാക്കാൻ കഴിയും അങ്ങിനെയാണോ സാർ നമ്മിൽപെട്ട അഞ്ചു പേരുടെ ഇട നെഞ്ചിലേക്ക് പ്രതികാരത്തിന്റെ കാഞ്ചി വലിച്ച ഒരു  ശത്രുവിനോട് ക്ഷമിക്കുന്നത്...? അതും അധികാരം നിഷേധിക്കപ്പെടുമ്പോൾ മാത്രം തോന്നുന്ന ഈ പഴയ സ്നേഹത്തിന്റെ ഓർമ്മപുതുക്കലുകൾക്ക്....!

ഇതൊരു സാധാരണ സൌഹൃദ സന്ദര്ശനം മാത്രമാണെന്നും ഇതിനു പിന്നിൽ ഒരു അണിയറ നാടകത്തിന്റെയും പിന്ബലമില്ല എന്നും ഞങ്ങൾ വിശ്വസിച്ചോട്ടെ സാർ! അല്ലെങ്കിൽ ചരിത്രം താങ്കളോട് പൊറുക്കില്ല!
 മാപ്പ് തരില്ല! വെടിയേറ്റു  വീണപ്പോഴും ചെങ്കൊടി കയ്യിൽ നിന്ന് വിടാതെ ഇങ്ക്വിലാബു വിളിച്ച്, തുറന്ന വായ അടക്കാതെ മരണത്തിലേക്ക് ധീരമായി നടന്നു പോയ ആ രക്തനക്ഷത്രങ്ങൾ....

   . 


Sunday, February 3, 2013

'വി എസ് ' ഉടച്ചു വാര്‍ക്കാനുള്ള വിഗ്രഹം


'വി എസ് '
 ഉടച്ചു വാര്‍ക്കാനുള്ള വിഗ്രഹം 
ദര്‍ശ രാഷ്ട്രീയത്തിന്റെയും വ്യക്തി ശുദ്ധിയുടെയും പേരില്‍ കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട നാമങ്ങള്‍ പരിശോധിച്ചാല്‍  ആദ്യ സ്ഥാനങ്ങളില്‍ വരുന്ന നാമങ്ങളില്‍ ഒന്നായിരിക്കും വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍  അഥവാ വി എസ് അച്യുതാനന്ദന്‍ എന്നത്.  അനീതിയോടും അസമത്വത്തോടുമുള്ള സന്ധിയില്ലാത്ത സമര മുഖങ്ങളില്‍ സ്വജീവിതം കൊണ്ട് കൊത്തി വെച്ചതാണ് 'വി എസ്' എന്ന രണ്ടക്ഷരപ്പേരില്‍  ജനകീയ പോരാട്ടങ്ങളുടെ നായകന്‍ എന്ന് ചരിത്രം വാഴ്ത്തുന്ന ഈ  പോരാളി സ്വന്തം നാമം.

വി എസ്  പൊരുതുന്നത് കേവലം എതിര്‍പക്ഷ ആള്‍ക്കൂട്ടത്തിന്റെ നിലപാടുകളോട് മാത്രമല്ല; താന്‍ നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും ആ രാഷ്ട്രീയം നെഞ്ചേറ്റിയ അണികളുടെയും മാര്‍ഗഭ്രംശം സംഭവിച്ചേക്കാവുന്ന ചെറു ചലനങ്ങളോട് കൂടിയാണ് . ജനകീയ വിഷയങ്ങളില്‍ ഇത്ര ധീരമായി ഇടപെടുന്ന മറ്റൊരു നേതാവിനെയും വര്‍ത്തമാന കാലത്ത് നമുക്ക് കണ്ടെത്താനാവില്ല 
അധര്‍മ്മത്തിനെതിരെ അമാനുഷിക കഴിവുകളാല്‍ ആഞ്ഞടിക്കുന്ന വീര പുരുഷന്മാരുടെ അവതാര പരിവേഷമാണ് വീയെസ്സിന് പൊതു സമൂഹത്തിലുള്ളത് .
മറുഗതിയില്ലാതെ രക്ഷകനെ തിരയുന്ന മുറിവേറ്റ നിസ്സഹായരുടെ ഉള്ളില്‍ 'കാത്തിരുന്ന പുണ്യ വാളനെ'പ്പോലെയാണ് വി എസ് ജീവിക്കുന്നത്. അതേസമയം അതിവൈകാരികതയുള്ള ക്ഷോഭിക്കുന്ന യുവത്വത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രം തിരയുന്നതും അരുതുകള്ക്കെതിരെ സംഹാരമൂര്ത്തിയാകുന്ന വീയെസ്സിനെപ്പോലെയുള്ള ഒരാളെയാണ്.
അത് കൊണ്ട് തന്നെ വി എസ്  എന്ന ശബ്ദം സമൂഹ മനുഷ്യനില്‍ നിന്ന് പലപ്പോഴും അമാനുഷികനും അവതാര ജന്മവുമായി രൂപാന്തരം പ്രാപിക്കുന്ന ഒരു ബിംബമായി മാറുന്നുണ്ട്.
കെട്ടി ഉയര്‍ത്തപ്പെട്ട ഗര്‍വ്വ ഗോപുരങ്ങള്‍ക്ക് മീതെ വീയെസ്സിന്റെ "ജേസീബിക്കൈകള്‍ " ഉയരുന്നതും സമനിരപ്പാക്കപ്പെടുന്ന വാഗ്ദത്ത ഭൂമികളും വര്‍ത്തമാന മിത്തുകളായി യാഥാര്‍ത്യവുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു.
അവകാശ സംരക്ഷണങ്ങളുടെ മുന്നണി പ്പോരാളിയായി ഏഴുപതിറ്റാണ്ടായി വി എസ്  കേരള ജനതക്കൊപ്പമുണ്ട്. 

തലചായ്ച്ചുറങ്ങാന്‍ ഇത്തിരി മണ്ണിനും കുടിവെള്ളത്തിനും വേണ്ടിയും  , പെണ് വാണിഭത്തിനും , അഴിമതിക്കുമെതിരായും കേരള ജനതയുടെ സമര മുഖങ്ങളില്‍ വി എസ്  കുന്തമുനയായി നിലകൊണ്ടു..
കര്‍ഷക കലാപങ്ങളുടെ പാരമ്പര്യമുള്ള പുന്നപ്രയില്‍ ജനിച്ചു വീണ വീയെസ്സിന് പോരാളിയാകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അതൊരു ചരിത്ര നിയോഗമായിരിക്കണം.
ആദര്‍ശ ധീരതയുടെയും മൂല്യങ്ങളോടു പ്രതിബദ്ധത പുലര്‍ത്തുന്ന ആര്ജ്ജവത്തിന്റെയും പ്രതിരൂപമായി വീയെസ് വാഴ്ത്തപ്പെടുമ്പോള്‍ തന്നെ വീയെസ് എന്ന ബിംബം അമിതമായി അലങ്കരിക്കപ്പെടുന്നുണ്ടോ എന്ന് എന്ന് കൂടിപരിശോദിക്കപ്പെടേണ്ടതുണ്ട് . സ്വന്തം പൊക്കം കൊണ്ട് തന്നെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഉന്നത ശീര്‍ഷനാകുമ്പോഴും  വീയെസ്സിനെ അതിമാനുഷികനാക്കുന്ന ചില പൊയ്ക്കാലുകള്‍ വീയെസ്സിന്റെ ശരീരത്തില്‍ വെച്ചു കെട്ടപ്പെടുന്നുണ്ട് എന്നതൊരു സത്യം തന്നെയാണെന്ന് നമുക്ക് മനസ്സിലാകും.
രൂപങ്ങള്‍ക്ക്‌ മീതെ അതി ഭാവുകത്വത്തിന്റെ ചില്ലുകൂടുകള്‍ തീര്‍ത്ത് വീയെസ്സിനെ വിഗ്രഹവല്‍ക്കരിക്കാനാണ് പലര്‍ക്കും വ്യഗ്രത . അതുവഴി വാഴ്ത്തു പാട്ടുകാരുടെയും കുരവക്കൂട്ടത്തിന്റെയും അംഗബലം കൊണ്ട്  'ഞാന്‍ മാത്രം ശരി' എന്ന ആത്മരതിയിലേക്ക് വീ എസ് എന്ന പച്ച മനുഷ്യന്‍ ചിലപ്പോഴെങ്കിലും അപഥ സഞ്ചാരം നടത്തുകയാണ്.
മറച്ചു വെക്കാനാവാതെ ചിലപ്പോഴെങ്കിലും അദ്ധേഹത്തില് നിന്ന് കുതറുന്നത് അധികാരത്തോടുള്ള കൊതിക്കെറുവും അപ്രാപ്യമായ ഉയരങ്ങളോടുള്ള പുച്ഛം കലര്‍ന്ന ചിരിയുമാണ് .
'പിഴച്ച വീട്ടിലെ നല്ല ഉണ്ണി' യെന്നു സ്വയം നെറ്റിയില്‍ ഒട്ടിച്ചു വെച്ച് അന്യ വീടുകളിലെ കോലായില്‍ ഒരുരുള ചോറും  ഒരു പായയും എപ്പോഴും വീയെസ് കാത്തുവെക്കും. സ്വന്തം വാലിനു തീകൊളുത്തി കൊട്ടാരം കത്തിക്കാന്‍ ചാടിനടന്ന ഒരു പുരാണ കഥാപാത്രത്തെയാണ്  സമീപ കാലത്ത്  വീയെസ് ഓര്‍മ്മിപ്പിക്കുന്നത്. 
ചരിത്രവും കാലവും എന്താണ് തന്നെപ്പോലെയുള്ള  ഒരു വിപ്ലവകാരിയോട് ആവശ്യപ്പെടുന്നതെന്നു ബോധ്യമില്ലാത്ത ,  ചിന്താശക്തി നഷ്ട്ടപ്പെട്ട് വേലപ്പറമ്പിലെ  കോളാമ്പി പോലെ ആരുടെയൊക്കെയോ വാക്കുകള്‍ വായിലൂടെ ലോകത്തോട് പറയേണ്ടി വരുന്ന, അമര്ത്തി വെച്ച രോഷം മൂലം ആത്മ നിയന്ത്രണം നഷ്ട്ടപ്പെട്ട അപക്വ പ്രകൃതിക്കാരനെ പോലെ  വീയെസ് സ്വന്തം രൂപത്തെ തന്നെ മലിനപ്പെടുത്തുകയാണ് .
"ആരാണ് നിങ്ങള്‍ എന്ന് നിങ്ങള്‍ തന്നെ മനസ്സിലാക്കൂ"  എന്ന് ആരാധനയോടെ അവരെ കാണുന്ന ആയിരങ്ങള്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുകയാണ് 

വി എസ് 
 വ്യക്തി, ചരിത്രം 

വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി പുന്നപ്രയെന്ന ചരിത്ര ഭൂമിയില്‍ 1923 ഒക്ടോബര്‍ 23 നാണ്  വി എസ് എന്ന രക്ത നക്ഷത്രം പിറന്നു വീഴുന്നത് .  കുഞ്ഞു നാളില്‍ കളിച്ചു നടക്കുമ്പോഴേ നാലാം വയസ്സില്‍ അമ്മ നഷ്ട്ടപ്പെട്ടതിനാല്‍ പരസഹായമില്ലാതെ ജീവിക്കാനും പ്രകൃതിയോടിണങ്ങാനും വീയെസ്സിന് കഴിഞ്ഞു . ദാരിദ്ര്യത്തിലും ഏകാന്തതയിലും ബാല്യം കഴിച്ചു കൂട്ടിയ  വീയെസ്സിന്റെ മനസ്സിനെ സമൂഹത്തിലെ സാമ്പത്തിക  അസമത്വവും അസന്തുലിതാവസ്ഥയും കൊച്ചു നാളിലെ മഥിച്ചു കൊണ്ടേയിരുന്നു. പതിനൊന്നാം വയസ്സില്‍ തന്റെ അച്ഛനും മരിച്ചതോടെ അച്ഛന്റെ സഹോദരിയുടെ തണലില്‍ ഇല്ലായ്മകളോട് ഇണങ്ങി  വീയെസ് വളര്‍ന്നു.
പട്ടിണിയോടു പൊരുതാന്‍  വിദ്യാഭ്യാസം ഉപേക്ഷിക്കുകയല്ലാതെ നിവൃത്തിയില്ലാതെയായ വി എസ് ഏഴാം ക്ലാസ്സില്‍ വെച്ച് പഠനം ഉപേക്ഷിച്ച് ഒരു ജൌളിക്കടയില്‍ കുറച്ചു കാലം ജോലി ചെയ്തു.  പിന്നീട് കയര്‍ മേഖലയിലേക്ക്തിരിഞ്ഞു.. തൊഴില്‍ മേഖലയിലെ നീതികേടുകളും വ്യവസ്ഥിതിയിലെ പൊരുത്തക്കേടുകളും വീയെസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തിയത് ഇക്കാലത്താണ്.
നിവര്‍ത്തന പ്രക്ഷോഭത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  1938 ല്‍  സ്റ്റെറ്റ് കൊണ്ഗ്രസ്സിലും പിന്നീട് പുരോഗമന പ്രസ്ഥാനങ്ങ ളിലും ആകൃഷ്ടനായി . 1940 ല്‍ വി യെസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. ഒരു വിപ്ലവകാരിക്കുള്ള വളക്കൂറുള്ള മണ്ണില്‍ ഉള്ളിലെ കലാപത്തിന്റെ വിത്തിനു മുളപൊട്ടുകയായിരുന്നു ഇവിടെ.

അടിമകളും ഉടമകളും തമ്മില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വത്തിനെതിരെ വീയെസ്സിന്റെ പോരാട്ടം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് പുന്നപ്ര വയലാര്‍ സമരത്തിലൂടെയാണ്‌ . കമ്യൂണിസ്റ്റ്  പാര്‍ടിയുടെ നേതൃത്വത്തില്‍ ചെങ്കൊടിയേന്തിയ സഖാക്കള്‍ ജന്മിമാര്‍ക്കെതിരെ നടത്തിയ ധീര പോരാട്ടങ്ങളുടെ പേരില്‍ ഭരണ കൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ വീയെസ് പൂഞ്ഞാറിലും കോട്ടയത്തും ഒളിവില്‍ കഴിഞ്ഞു.. ജന്മി വര്ഗ്ഗത്തിനെതിരെ ആഞ്ഞടിക്കാന്‍ കമ്യൂണിസ്റ്റ് സേനക്ക്  ഊര്‍ജ്ജം നല്‍കുന്ന ഉദ്ബോധനം നടത്തുകയായിരുന്നു ഇക്കാലയളവില്‍ വീയെസ്.
രക്തരൂക്ഷിതമായ കലാപത്തില്‍ ജന്മി വര്‍ഗ്ഗവും പോലീസുകാരും ആയുധങ്ങള്‍ക്കിരയായപ്പോള്‍ ദിവാന്‍ സീപിയുടെ കിങ്കരന്മാര്‍ വീയെസ്സിനെ ഒളിവില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി ക്രൂരമായി മര്‌ ദ്ധിച്ചു .   ബോധരഹിതനായി മരിക്കുമെന്ന് സംശയിച്ചപ്പോള്‍  അവര്‍ വീയെസ്സിനെ പാലായിലെ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.  ഇന്നും ആ മര്‍ദ്ധനത്തിന്റെ മുറിവുകളുമായിട്ടാണ്  വീയെസ് ജീവിക്കുന്നത്.

പി കൃഷ്ണപ്പിള്ളയാണ്  വിയെസ്സിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ട് വന്നത്.  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കര്‍ഷക സമരങ്ങളിലും വീയെസ് സജീവ സാന്നിധ്യമായി. ഒരു കമ്യൂണിസ്റ്റുകാരനായിരിക്കുക എന്നത് അത്രമാത്രം ജീവഭയത്തോടെ സ്വീകരിക്കേണ്ട ഒന്നായിരുന്ന ഒരു കാലത്ത് ധീരനായി പാര്‍ട്ടീ പ്രവര്‍ത്തനങ്ങളുടെ അമര സ്ഥാനത്ത് നിന്ന്  കൊണ്ട് വീയെസ് നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി മര്‍ദ്ധനങ്ങളും ജയില്  വാസങ്ങളും ഏറ്റു വാങ്ങി. 1957 ല്‍  പാര്‍ട്ടി അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു വീയെസ്.
രാഷ്ട്രീയ രംഗത്ത് വീയെസ്സിന്റെ വളര്‍ച്ചയും വീഴ്ചയും പ്രവചനാതീത ങ്ങളായിരുന്നു.
1965ല്‍  തന്റെ വീട് ഉള്‍പ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചപ്പോള്‍ 2327 വോട്ടുകള്‍ക്ക് കെ എസ് കൃഷ്ണക്കുറുപ്പിനോട്  തോറ്റു  കൊണ്ടാണ് വീയെസ് തുടങ്ങുന്നത് .1967ല്‍  9515 വോട്ടുകള്‍ക്ക് എ. അച്യുതനെ തോല്‍പ്പിച്ചു കൊണ്ട് നിയമസഭയിലേക്ക് നടന്നു കയറി. 1970 ല്‍  ആര്‍  എസ് പിയിലെ കുമാര പിള്ളയെ തോല്‍പ്പിക്കുകയും അതെ കുമാര പിള്ളയോട് 1977 ല്‍  5585 വോട്ടുകള്‍ക്ക് പരാജയമറിയുകയും ചെയ്തു. 1991 ല്‍ മാരാരിക്കുളത്ത് നിന്ന് 9980 വോട്ടുകള്‍ക്ക് ജയിച്ച വീയെസ് 1996 ല്‍  അത്ഭുതകരമാം വിധം തോല്‍വി  ഏറ്റുവാങ്ങുകയായിരുന്നു.  ജയിച്ചാല്‍ മുഖ്യ മന്ത്രിയാകും എന്നുറപ്പുണ്ടായിട്ടും മാരാരിക്കുളത്തെ ജനങ്ങള്‍ വീയെസ്സിനെ കയ്യൊഴിയുകയായിരുന്നു. 'ആലിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് 'എന്നപോലെ കേരള രാഷ്ട്രീയത്തിലെ ഒരു ദുരന്ത കഥാപാത്രമായി മാറി വീയെസ്. പിന്നീട് 2001 ല്‍  മലമ്പുഴയിലെത്തി മത്സരിച്ചെങ്കിലും സതീശന്‍ പാച്ചേനിയെന്ന പയ്യനുമായി 4703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രക്ഷപ്പെട്ടത്.
വീയെസ്സിന്റെ ആദര്‍ശ മുഖവും ജനകീയതയും എത്ര ദുര്ബ്ബലമാണെന്ന് വിളിച്ചു പറഞ്ഞു ആ മത്സര  ഫലം. ഒറ്റയാന്‌ പ്രകടനത്തിലൂടെയും റിബല്‍ പരിവേഷത്തിലൂടെയും രാഷ്ട്രീയതര മുഖം പ്രദര്‍ശിപ്പിച്ച്  അരാഷ്ട്രീയ  യൗവ്വനങ്ങളുടെ  ആരാധ്യ പുരുഷനായി  ജനകീയനായ വീയെസ് 2006 ല്‍  പാച്ചേനിയെ  20,017 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി തന്റെ സാന്നിധ്യവും വ്യക്തി പ്രഭാവവും അറിയിച്ചു.

വീയെസ് ജയിക്കുമ്പൊഴൊക്കെ പാര്‍ട്ടി അധികാരത്തിനു പുറത്താവുകയും പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ വീയെസ് തോല്‍ക്കുകയും  ചെയ്തിരുന്നതിനാല്‍ എപ്പോഴും കാണികള്‍ ക്കിടയിലായിരുന്നു വീയെസ്സിന് സ്ഥാനം. എന്നാല്‍ 2006 ല്‍  മുഖ്യ മന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ നിര്‍ദേശിക്കാന്‍ പോലും കഴിയാത്ത വിധം വീയെസ് എന്ന മനുഷ്യന്‍  ജനകീയ മുഖ്യമന്ത്രിയായി ഔദ്യോഗിക അധികാര ആരോഹണത്തിനു  മുമ്പേ ജന മനസില്‍ അവരോധിക്കപ്പെടുകയായിരുന്നു. വീയെസ്സിന്റെ ജനകീയതയും റിബല്‍ പരിവേഷത്തിന്റെ ശക്തിയും വിളിച്ചു പറഞ്ഞതായിരുന്നു കേരളമങ്ങോളമിങ്ങോളം അന്ന് നടന്ന പ്രകടന മഹാമഹങ്ങള്‍ !. പാര്ട്ടിക്കകത്തെ മറ്റേത് അസ്വാരസ്യങ്ങള്‍ക്കും ഇടം കൊടുക്കാതെ ജനകീയ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുകയായിരുന്നു പി ബി. വീയെസ് എന്ന സാമൂഹിക മനുഷ്യന്‍ അരാഷ്ട്രീയമായി വിഗ്രവല്‍ക്കരിക്കപ്പെടുന്നതിന്റെ സ്ഥാനാരോഹണം കൂടിയായി ഈ മുഖ്യമന്ത്രിസ്ഥാനം ഏല്‍ക്കുന്ന ചടങ്ങ്.

പിണറായി വിജയന്‍ എന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി  പലപ്പോഴും പല അഭിപ്രായ വ്യത്യാസങ്ങളും വീയെസ്സിന് ഉണ്ടായിരുന്നു എന്നതൊരു സത്യമാണ് .  ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ അധിക്ഷേപിച്ചും  ഒളിയമ്പെയ്തും  ഉണ്ടാക്കിയ വീര പരിവേഷമോ നേതൃ സ്ഥാനമോ വീയെസ്സിന് പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്നുണ്ടാകുന്ന കൊതിക്കെറുവും അസഹിഷ്ണുതയും പലപ്പോഴും ഒരു വാശിക്കാരനായ കാരണവരിലേക്ക് വീയെസ്സിനെ എത്തിച്ചിരുന്നു. 

പിണറായിയുമായുള്ള അഭിപ്രായ ഭിന്നത മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി വിളിച്ചു പറയുന്നത് വഴി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ട്ടപ്പെടുത്തിയതിന്റെ പേരില്‍ 2007 മെയ് 26 നു പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും വീയെസ്സിനെ താല്‍ക്കാലികമായി പുറത്താക്കി . അപ്പോഴും വീയെസ് മുഖ്യ മന്ത്രിയായി തുടരുകയും ചെയ്തു. 2009 ജൂലൈ 12 നു വീയെസ്സിനെ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന്  പുറത്താക്കുകയും കേന്ദ്ര കമ്മറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് 2012 ജൂലൈ 22 നു വീയെസ്സിനെ പരസ്യമായി ശാസിച്ചു .
പലപ്പോഴും വീയെസ്സിനെതിരെ പാര്ട്ടിയെടുത്ത തീരുമാനങ്ങള്‍ക്ക് പിന്നില്‍  വീയെസ്സിന്റെ പാര്ട്ടിക്കതീതനായ "വണ്‍ മാന്‍ ഷോ " പ്രകടനങ്ങള്‍  തന്നെയായിരുന്നു കാരണം. പാര്‍ട്ടീ വിരുദ്ദരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തുക , കിളിരൂര്‍ കവിയൂര്‍ തുടങ്ങിയ കേസുകളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ട്ടിക്കുക, പാര്‍ട്ടി സെക്രട്ടരിയേറ്റ് തീരുമാനങ്ങള്‍ അവഗണിക്കുക , മൂന്നാറില്‍ പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ ഏക പക്ഷീയമായി തീരുമാനങ്ങള്‍  നടപ്പിലാക്കുക , തുടങ്ങി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ട്ടീ നിലപാടിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെല്ലു വിളിച്ചത് വരെ പാര്‍ട്ടിയുടെ കുറ്റപത്രങ്ങളില്‍ ഉണ്ട് . പാര്‍ട്ടി തോറ്റ അവസരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീയെസ് ചിരിച്ച ഒറ്റ സ്നാപ്പിലുണ്ട് വീയെസ്സിലെ പാര്‍ട്ടീ വിരുദ്ധത വ്യക്തമാക്കുന്ന മുഴുവാന്‍ ഭാവങ്ങളും.!  നെയ്യാറ്റിന്‍ കര ഉപതിരഞ്ഞെടുപ്പിന്റെ ഇലക്ഷന്‍ തിയ്യതി തന്നെ റ്റീപി യുടെ വിധവയെ കാണാന്‍ പോയ വികാര ഭരിതമായ മുഹൂര്ത്തങ്ങള്‍ ചാനലിലൂടെ തത്സമയം ലോകത്തിനു മുന്നില്‍ സ്വയം കാണിച്ചു കൊടുത്തു കൊണ്ട് വീയെസ് തുറന്നു കാട്ടിയത്  വീയെസ്സിന്റെ കപടനായ കമ്യൂണിസ്റ്റുകാരന്റെ മറ്റൊരു മുഖമായിരുന്നു . ആ ഒരൊറ്റ സന്ദര്‍ശനത്തിലൂടെ ഇടതു അനുഭാവമുള്ള സാധാരണക്കാരുടെ വോട്ടുകള്‍ കൂടി മറുവിഭാഗത്തിനു മറിച്ചു കൊടുക്കാന്‍ വീയെസ്സിന് കഴിഞ്ഞു. വീയെസ്സിനെ മനസ്സാ സ്നേഹിക്കുന്ന പാര്ട്ടിക്കാരനെപ്പോലും വെല്ലുവിളിക്കുന്നതായിരുന്നു വീയെസ്സിന്റെ ഈ നടപടി.

ഇപ്പോള്‍ മാധ്യമങ്ങളും നിയമ വ്യവസ്ഥയും കയ്യൊഴിഞ്ഞ ലാവ്‌ലിന്‍ വിഷയം വീണ്ടും വീണ്ടും കുത്തിപ്പൊക്കി ലൈവാക്കി നിര്‍ത്തുന്നതിനു പിന്നിലെ യുക്തിയും 'ഞാന്‍ മാത്രം പുണ്യവാളന്‍ ' എന്ന തന്റെ ഇമേജിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുക എന്ന ലക്‌ഷ്യം മാത്രം വെച്ചുള്ള താണെന്ന് അറിയാന്‍ പോളിറ്റ് ബ്യൂറോ തീരുമാനം വരുംവരെയൊന്നും കാത്തുനില്‍ക്കേണ്ട കാര്യമില്ല.  
തന്നിലേക്ക് മാത്രം കമ്യൂണിസത്തിന്റെ നന്മകള്‍ ഫോക്കസ് ചെയ്യിക്കുന്നതിലൂടെ വീയെസ് തന്നെ സ്നേഹിക്കുന്നവരെ പോലും പുറം കാലു കൊണ്ട് തൊഴിച്ച്  കോമാളിയായി മാറി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് വേണ്ടി ചുടു ചോറ് വാരിക്കളിക്കുകയാണ് .

മുമ്പ് മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചിട്ടാണ് ഉന്നത വിജയം നേടുന്നതെന്ന് ആക്ഷേപിച്ച് ഒരു സമുദായത്തെയും പ്രദേശത്തെ മുഴുവനായും പുച്ചിച്  തന്റെ ഉള്ളിലുള്ള ഭൂതത്തെ തുറന്നു വിട്ടിരുന്നു വി എസ് .  മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ പഠിക്കാനിരുന്ന കുട്ടികള്‍ക്കും  പഠിക്കാന്‍ അവസരമില്ലാതതിനാല്‍ തങ്ങളുടെ നിര്‍ഭാഗ്യം കുട്ടികള്‍ക്കുണ്ടാകരുതെന്നു കരുതി അവര്‍ക്ക് കൂട്ടിരുന്ന രക്ഷിതാകള്‍ക്കും താങ്ങാനാവാത്ത ഒരു പരിഹാസമായിരുന്നു അത് . 
മറ്റൊരു തമാശ ഇരുപത് വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തെ മുസ്ലിം രാജ്യമാക്കാനുള്ള അജണ്ടയാണ് പോപ്പുലര്‍ ഫ്രെണ്ടിനെന്നും കൂടുതല്‍ മക്കളെ ഉല്പാദിപ്പിച്ച് മുസ്ലിം ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് അവരുടെ ശ്രമം എന്നുമുള്ള വീയെസ്സിന്റെ  പ്രസ്താവനയാണ്.  കാര്യം മറ്റെന്തൊക്കെയായാലും ജനസംഖ്യ വര്‍ധിച്ച് കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമായിപ്പോകുന്നതിനെ ഇത്ര വലിയ ഭീഷണിയായി കാണുന്ന വീയെസ്സിന്റെ മനോഭാവം വരികള്‍ക്കിടയില്‍ നിന്ന്  വേണം വായിച്ചെടുക്കാന്‍.  ഒളിച്ചു വെച്ച ഇത്തരം മുസ്ലിം വിരുദ്ദതകള്‍  ഭാവന ചെയ്ത ആരോപണങ്ങളാല്‍ പരസ്യമായി വിളിച്ചു പറഞ്ഞ്  വീയെസ് തന്നെ സ്നേഹിക്കുന്ന ഒരു പാട് സുമനസ്സുകളുടെ അകത്ത് നിന്നാണ് ഇറങ്ങിപ്പോയത്.
മദനിയുമായി പാര്‍ട്ടി വേദി പങ്കിട്ട  വിഷയത്തില്‍ ആര്‍ജ്ജവത്തോടെ വീയെസ്  പാര്‍ട്ടിയെ എതിര്‍ത്തപ്പോള്‍ എന്നും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുത്ത മലപ്പുരത്തുകാര്‍ വീയെസ്സിനെ അത്ര ആദരവോടെയായിരുന്നു കണ്ടിരുന്നതും ! ലാവ്ലിന്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്ത് മാധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ പിണറായി എന്ന പ്രായോഗിക രാഷ്ട്രീയത്തിലെ ബുദ്ധി രാക്ഷസന്‍ നടത്തിയ ഒരു തന്ത്രപരമായ നീക്കമായിരുന്നു അതെന്നു പിന്നീട് ആ വിഷയത്തില്‍ തല വെച്ചു കൊടുത്ത മാധ്യമ  ഇരകള്‍ക്ക് പോലും വൈകിയാണ് മനസ്സിലായത്.  ആവശ്യം കഴിഞ്ഞു നേരം പുലര്‍ന്നപ്പോള്‍ പിണറായി മദനിയെ വലിച്ചു പുറത്തിടുകയും 'രാജ്യ ദ്രോഹി' എന്ന് മുതുകില്‍ പച്ച കുത്തി ഓടിച്ചു വിടുകയും ചെയ്തത് ഇവിടെ കൂട്ടി വായിക്കാനുള്ളതാണ്. 

വീയെസ്സിനോട് പറയാനുള്ളത് 
പ്രിയപ്പെട്ട വീയെസ് 
താങ്കള്‍ ആരാണെന്ന് സ്വയം മനസ്സിലാക്കുകയും സ്വന്തം പൊക്കവും പൊക്കമില്ലായ്മയും താങ്കള്‍ സ്വയം മനസ്സിലാക്കുകയും ചെയ്യണം.. 
ഉയരമുള്ള കൊമ്പുകളോട് മുഴുവന്‍ ഉള്ള അസൂയ കലര്‍ന്ന പുച്ഛം താങ്കള്‍ക്കു ചേരില്ല.
എത്താന്‍ കഴിയാത്ത മരക്കൊമ്പിലുള്ളവരെ പല്ലിളിച്ചു കാട്ടുന്നതിലൂടെയും കൊമ്പു കുലുക്കി വീഴ്ത്താന്‍ ശ്രമിക്കുന്നതിലൂടെയും താങ്കള്‍ സ്വയം പരിഹാസ്യനാവുകയാണ്.
സിംഹാസനങ്ങളില്ലാതെയും കുരവക്കൂട്ടമില്ലാതെയും താങ്കള്‍ ചരിത്രത്തില്‍ ഇടം നേടിയ ആളാണ്‌.  താങ്കള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശ സമരങ്ങളിലെ വീര നായകനാണ്. താങ്കള്‍ പ്ലാച്ചി മടയില്‍ ദാഹ ജലം നിഷേധിക്കപ്പെടുന്ന ജനതയുടെ രക്ഷകനായിരുന്നു.  കാസര്‍ഗോട് എന്ടോ സള്‍ഫാന്‍ ഇരകളുടെ നാട്ടില്‍  താങ്കള്‍ പൊരുതുന്ന അഗ്നി സാന്നിധ്യമായിരുന്നു. മൂന്നാറില്‍ താങ്കള്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഭൂമാഫിയകളുടെ അന്തകനായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കര്‍ഷക ഭൂമികള്‍ കയ്യേറിയ റിയല്‍ എസ്റ്റെറ്റ്  മാഫിയകളെ വെട്ടി നിരത്തിയ കര്‍ഷകരുടെ തോഴനായിരുന്നു താങ്കള്‍  . അധികാരത്തിന്റെ യാതൊരു പ്രലോഭന വഴികളിലും ചരിക്കാതെ  വിയര്‍പ്പിന്റെ മണവും, ചോരയുടെ ചൂടും അധ്വാനിക്കുന്ന ജന വിഭാഗത്തിനായ് സമര്‍പ്പിച്ച , ആദര്‍ശം അനുഭവതലത്തില്‍ ജീവ ശ്വാസമാക്കിയ ചരിത്രത്തിലെ ആയിരങ്ങളില്‍ ഒരുവനായി മാറിയ നേതാവാണ്‌ താങ്കള്‍ 
താങ്കളുടെ ഉയരം  ശത്രുപക്ഷ മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച് ഉയര്‍ത്തിക്കെട്ടിയ ബലൂണ്‍ രൂപങ്ങളില്‍  ആകരുത് 
താങ്കളെ വാഴ്ത്തുന്നത് ബഹുരാഷ്ട്ര കമ്പനികളുടെ എച്ചില്‍ തിന്നു കൊഴുത്ത ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കൂലിയെഴുത്തുകാരാവരുത്. 
അങ്ങയെ ആനയിച്ച് ആനപ്പുറത്ത് വലം വെക്കുന്നത് കമ്യൂണിസ്റ്റ്  വിരുദ്ദത  കൊണ്ട് അരാഷ്ട്രീയ മുഖം മൂടിയണിഞ്ഞ കൂലിപ്പട്ടാളമാകരുത്. 
താങ്കള്‍ മാനം മുട്ടെ ഉയര്‍ത്തിക്കെട്ടിയ ഫ്ലെക്സുകളില്‍ നിന്ന് കൃത്രിമ ചിരി ചിരിക്കരുത്. 
താങ്കള്‍ പൊരി വെയിലില്‍ കാക്കകള്‍ക്ക് കക്കൂസായി , കഞ്ചാവ് വില്പ്പനക്കാരുടെയും കള്ളച്ചൂ തുകാരുടെയും വിശ്രമ കേന്ദ്രമായ പ്രതിമാ രൂപമായി ഒരു കല്ല്‌ ദൈവമാകരുത്. 
താങ്കള്‍ അധ്വാനിക്കുന്നവന്റെയും വേദനിക്കുന്നവന്റെയും ഇടയിലേക്ക് , പച്ച മണ്ണിന്റെ ഗന്ധമുള്ള മണ്ണിലേക്ക് , താങ്കളില്‍ അന്ത്യ പ്രതീക്ഷയും ആശയും അര്പ്പിച്ചിരിക്കുന്ന പതിനായിരങ്ങള്‍ക്കിടയിലേക്ക് വിറക്കാത്ത പാദത്തോടെ , തളരാത്ത സമര വീര്യത്തോടെ ഇറങ്ങി വരണം.  
പൊയ്കാല്‍ പൊക്കങ്ങള്‍ ഉപേക്ഷിച്ച്,, വര്‍ണ്ണ ഉടയാടകള്‍ വലിച്ചെറിഞ്ഞ് , കൂലിപ്പട്ടാളത്തിന്റെ അകമ്പടികളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് , ഒരു പച്ച മനുഷ്യനായി വരൂ...  നിങ്ങളെ സ്വീകരിക്കാന്‍ നീതിയുടെ കാവല്ക്കാരുണ്ടാകും!
 സത്യം നെഞ്ചേറ്റിയവരുണ്ടാകും., യഥാര്‍ത്ഥ ജനാധിപത്യ വിശ്വാസികള്‍ ഉണ്ടാകും , പാര്‍ട്ടിയും സമൂഹവും ഉണ്ടാകും.
അവരുടെ എണ്ണം കുറവായിരിക്കും അവര്‍ ചാര്ത്തിത്തരുന്ന കിരീടങ്ങള്‍ക്ക് തിളക്കം കുറവായിരിക്കും പക്ഷെ അപ്പോഴാണ്‌ താങ്കള്‍ യഥാര്‍ത്ഥ വീയെസ് ആകുന്നത് . വിഗ്രഹത്തിനുമപ്പുറത്ത് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആവുന്നത് 

ലാല്‍സലാം 
















Friday, May 4, 2012

ഈ രക്തത്തില്‍ എനിക്ക് പങ്കില്ല


ആരാണ്  കത്തുന്ന  പന്തങ്ങള്‍ കുത്തിക്കെടുത്തുന്നത്
ആരാണ് നിലവിളികളെ ഇരുട്ടിലേക്ക് വലിച്ചു കൊണ്ടു പോകുന്നത്....?  
ആരിരുളിന്‍ തേര്‍ ചക്രങ്ങളാല്‍ 
വീണ്‌ പോയവന്റെ വിലാപങ്ങളെ 
മണ്ണോടു  ചേര്‍ത്ത് ഞെരിക്കുന്നു
നിലാവിനോടാകരുത് 
കുരുനരികളുടെ പൌരുഷ പ്രഖ്യാപനങ്ങള്‍..
കതിര്‍ കൊയ്ത പാടങ്ങളില്‍ ഉതിര്‍ മണി കൊത്താന്‍ വരും 
വിശന്ന കൂടില്ലാ കിളികളോടാകരുത്  വേട്ടയുടെ ശൌര്യം.... 
നാവരിയപ്പെട്ടവന്റെ ശബ്ദങ്ങളും
ആയുധങ്ങള്‍ വികൃതമാക്കിയ സൂര്യ മുഖങ്ങളും 
തിരിച്ചു വരില്ലെന്ന് വ്യാമോഹിക്കുന്നവരുടെ സ്വര്‍ഗങ്ങളില്‍ 
നിങ്ങളെന്നെ തിരയരുത്...
എന്നെയിനി വാഴ്ത്തായ്ക! 
നിങ്ങളുടെ അധികാര ദൂരങ്ങളിലേക്ക്
എന്റെ വാക്കാല്‍ വഴി വെട്ടാതിരിക്കുക
ഞാനെന്റെ വിശന്ന കിടാങ്ങളുടെ  പട്ടിണിക്കൂരകളില്‍ 
അവരുടെ ജീവന് കാവലിരിക്കും സാക്ഷി മാത്രമാണ് 
വീരമുദ്രാ പതക്കങ്ങള്‍ എനിക്ക് ചേരില്ല 
ഞാന്‍ പിന്‍ നടക്കുകയാണ്...

Tuesday, February 14, 2012

നീസാ .. തോരാത്ത നിലാമഴ



നീസാ 
ഉടലിന്നു പാകമായൊരു 
ചിറകു തേടിയുള്ള 
നിന്റെ യാത്രയില്‍
ഉടല്‍ നോവുകള്‍ക്ക്
മൃതിചുംബനം കൊണ്ടു വിട നല്‍കി
മാലാഖമാര്‍ നിന്നെ ഏറ്റെടുത്തിരിക്കുന്നു

നീസാ
നിലാവിനെ തൊടാന്‍ നീട്ടിയ വിരലുകളിലേക്ക്
ഊര്‍ന്നുവീണ
അവസാന പുലരിയിലെ മഞ്ഞുതുള്ളി
നിന്നോട് പറഞ്ഞതെന്തായിരുന്നു?
വേദനകളില്ലാത്ത ലോകത്തേക്ക് 
നിന്നെയെതിരേല്‍ക്കാന്‍ 
വിശുദ്ദാത്മാവുകള്‍ അണയുംനേരം
നിന്നെ പിരിയാനാകാത്തവരുടെ
കണ്ണീര്‍ സാന്നിധ്യമാണ് ഞാന്‍ എന്ന്...?

നീസാ
ജീവിതപ്പുസ്തകത്തില്‍ 
അവസാനവരിയും കുറിച്ച് 
നീ വെള്ളിത്തൂവലുകളുടെ വസ്ത്രമണിഞ്ഞ് 
നിലാവിന്റെ ലോകത്തേക്ക് യാത്രയാകുമ്പോള്‍
ഒടുവില്‍ മൊഴിഞ്ഞതെന്തായിരുന്നു?
വാക്കുകള്‍ക്കതീതമായ
മൌനമന്ത്രങ്ങള്‍ കൊണ്ട്
വിശുദ്ദരാവുകളില്‍
അദൃശ്യ താരകങ്ങളിലൂടെ 
ഞാന്‍ 
നിങ്ങളില്‍ നിലാമഴയായ് പൊഴിയുമെന്ന്...?

Wednesday, January 18, 2012

സമാന്തര സാഹിത്യത്തെ ആരാണ് ഭയക്കുന്നത്?


നുദിനം മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ച മനുഷ്യജീവിതത്തിന്റെ സര്‍വ്വമണ്ഡലത്തിലും വരുത്തിയ മാറ്റങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കുമപ്പുറത്തായിരുന്നു. പ്രവചനാതീതമായ ലക്ഷ്യങ്ങളിലേക്കാണ് അനുസ്യൂതം അതിന്റെ പ്രയാണവും. കുട്ടിക്കാലത്തെ സ്വപ്നങ്ങളായിരുന്ന അമ്പിളിമാമനിലേക്കുള്ള വിരുന്നും ഫാന്റസി കഥകളിലെ ഭൂമിക്കുപുറത്തെ മറ്റൊരു ഗ്രഹത്തിലെ വാസവും ഇന്ന് അത്ഭുതങ്ങളുടെ പട്ടികയിലില്ല. പുരോഗതിയുടെ പാതയിലെ വഴിക്കല്ലുകളായി അവ അടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മനുഷ്യപുരോഗതിയുടെ സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയിലും നൂതന സാങ്കേതികവിദ്യകള്‍ വരുത്തിയ മാറ്റം വിസ്മരിക്കാവതല്ല. എഴുത്തിന്റെയും വായനയുടെയും ദൃശ്യമാധ്യമങ്ങളുടെയും ലോകം പുതിയ മേച്ചില്‍പ്പുറങ്ങള്‍ താണ്ടി നവംനവങ്ങളായ ആകാശങ്ങളെ കീഴടക്കിക്കഴിഞ്ഞു. മനുഷ്യരാശിയുടെ ധൈഷണിക വികാസത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മാധ്യമങ്ങള്‍ കലയുടെയും സാഹിത്യത്തിന്റെയും സംവേദന ലോകം പുതിയ ലോകത്തേക്ക് പുതിയ രൂപത്തില്‍ തുറന്നുവെച്ചിരിക്കുകയാണ്.
കുപ്പിയിലടച്ചുവെച്ച അക്ഷരങ്ങളെ പെറുക്കി നിരത്തിയൊതുക്കി ഇന്നലത്തെ വാര്‍ത്തകള്‍ ഇന്നു വിളമ്പുന്ന കാലത്തുനിന്ന് ലോകത്തെവിടേയുമുള്ള ചലനങ്ങളെ തത്സമയം ലൈവായികാണിക്കുന്ന 'ഫാസ്റ്റ് ഫുഡ് കമ്മ്യൂണിക്കേഷ'നിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞു. എന്നാല്‍ ഇതൊന്നുമറിയാതെ പഴമയെന്നും, പാരമ്പര്യമെന്നും അവകാശപ്പെട്ട് നവീനകാലത്തിന്റെ പുരോഗതിയുടെ വഴികളെ നിഷേധിക്കുന്ന, ആത്മ പ്രകാശനത്തിന്റെ നൂതന സാങ്കേതിക വഴികളെ പുച്ഛത്തോടെ വീക്ഷിക്കുന്ന, കണ്ണടച്ച് ഇരുട്ടിനെ ഉപാസിക്കുന്ന ചിലരേയും ഈ കുതിച്ചോട്ടത്തിന്നിടയിലും നമുക്കുകാണാം. തങ്ങള്‍ക്കു സാധ്യമല്ലാത്തതിനെയെല്ലാം പാപമെന്ന് പറയുന്ന, എത്തിപ്പിടിക്കാനാവാത്ത കൊമ്പിലെ കനികള്‍ക്ക് പുളിയാണെന്ന് ആക്ഷേപിക്കുന്ന, ഉയരമുള്ള എന്തിനേയും അവജ്ഞയോടെ വീക്ഷിക്കുന്ന ചിലര്‍!  അജ്ഞതയെ ആഭരണമെന്ന് അലങ്കരിച്ചുകാണിക്കാന്‍ അക്ഷരങ്ങളെ പാകമാകാത്ത ഉടുപ്പണിയിച്ച് പ്രദര്‍ശിപ്പിക്കുന്നവര്‍! അവരുടെ ന്യായവാദങ്ങളും നീതീകരണങ്ങളും പ്രസക്തമല്ലെങ്കിലും അതിനുപിന്നിലെ അസഹിഷ്ണുതയെ കാണാതിരിക്കാനാവില്ല. പറഞ്ഞുവരുന്നത് മുഖ്യധാരാ മാധ്യമത്തമ്പുരാക്കന്മാരുടെ നിഷേധമനസ്ഥിതിയെ കുറിച്ചുതന്നെ! അഥവാ സൈബര്‍സാഹിത്യമെന്ന സമാന്തരസാഹിത്യമേഖല കൈവരിച്ച വളര്‍ച്ചയും അവക്കുള്ള സ്വീകാര്യതയും ആരുടെയൊക്കെയോ ഉറക്കം കെടുത്തുന്നുവെന്നോ, വഴിമുടക്കുന്നുവെന്നോ ഉള്ള ഭീതിയില്‍ നിന്നുടലെടുക്കുന്ന ചില ഒറ്റപ്പെട്ട അപസ്വരങ്ങളിലേക്ക്, അവയിലേക്ക് നയിക്കുന്ന നിഷേധ മനോവൈകല്യത്തിലേക്ക് ഒരെത്തിനോട്ടം.
കീബോര്‍ഡുസാഹിത്യത്തിന്റെ വരമൊഴികള്‍
ചരിത്രം
വെബ്-ലോഗ് (web log ) എന്നീ പദങ്ങള്‍ ലോപിച്ചുണ്ടായതാണ് 'ബ്ലോഗ്' എന്ന പ്രയോഗം. സ്വന്തം സ്വകാര്യജീവിതം രേഖപ്പെടുത്തി വെച്ചിരുന്ന സൈബര്‍ ഡയറികളുടെ ആദിമരൂപങ്ങളാണ് പില്‍ക്കാലത്ത് അപരനുമായി പങ്കുവെക്കാനുള്ള ആശയ സംവേദന മാധ്യമമായി വളര്‍ന്നത്. 1994ല്‍ 'സ്വാത്ത് മോര്‍' കോളേജിലെ പഠനകാലത്ത് 'ജസ്റ്റിന്‍ ഹോള്‍' തന്റെ പതിനൊന്നു വര്‍ഷത്തെ വിചാരങ്ങളും അനുഭവക്കുറിപ്പുകളും ഇന്റര്‍നെറ്റിലൂടെ സുഹൃത്തുക്കളുമായി പങ്കുവെച്ചതാണ് ബ്ലോഗുചരിത്രത്തിലെ ആദ്യചലനമായി രേഖപ്പെടുത്തിയിട്ടുള്ളത്. 1997ല്‍ 'ജോണ്‍ ബര്‍ഗര്‍' ആണ് web log എന്ന പദം ആദ്യമായി സാങ്കേതികമായി ഉപയോഗിച്ചത്. 1999ല്‍ 'പീറ്റര്‍ മെര്‍ഹോള്‍സ്' ഈ സാങ്കേതിക ശബ്ദത്തെ 'ബ്ലോഗ്' എന്ന ചുരുക്കെഴുത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുകയും ആ പദം പില്‍ക്കാലത്ത് സാര്‍വ്വതീകമായി ഉപയോഗിക്കാനും തുടങ്ങിയതുചരിത്രം. പ്രതിഭാസ്പര്‍ശമുള്ള പുതിയ എഴുത്തുകാര്‍  സ്വാര്‍ത്ഥ താല്‍പര്യങ്ങളും വീക്ഷണങ്ങളില്‍ പക്ഷപാതിത്വങ്ങളുടെ നിയന്ത്രണങ്ങളുമുള്ള കുത്തക മാധ്യമങ്ങളുടെയും, എഡിറ്റര്‍മാരുടെയും അനുമതിക്കും അംഗീകാരത്തിന്നും കാത്തുനില്‍ക്കാതെ വാര്‍ത്താപ്രാധാന്യമുള്ള വിഷയങ്ങളും, സാഹിത്യഭാവനകളും സ്വയം പബ്ലിഷ് ചെയ്യാന്‍ ഒരിടം കണ്ടെത്തിയതോടെ ബ്ലോഗ് ലോകത്തിന് പുതിയ ഉണര്‍വ്വുമുണ്ടായി. കെട്ടിയമര്‍ത്തിവെച്ചിരുന്ന ഭാവനകള്‍ക്ക് ചേക്കേറാനൊരു ചില്ലയായിത്തീര്‍ന്ന ഇന്റര്‍നെറ്റുലോകത്തെ ബോഗിടങ്ങള്‍.
ആനുകാലീക രാഷ്ട്രീയവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആദ്യകാല ബ്ലോഗുകള്‍ക്കു വിഷയീഭവിച്ചു. ആന്‍ഡ്രൂസള്ളിവന്റെ 'ആന്‍ഡ്രൂസള്ളിവന്‍ കോം'റോണ്‍ഗുണ്‍സ് ബര്‍ഗറുടെ 'പൊളിറ്റിക്‌സ് കോം', റീഗന്‍ ഗൊഡാര്‍ഡിന്റെ 'പൊളിറ്റിക്കല്‍ വയര്‍', ജെറോ ആംസ്‌ട്രോങ്ങിന്റെ 'മൈഡിഡി' തുടങ്ങിയവയെല്ലാം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകളായിരുന്നു. ഇത്തരം ആദ്യകാല രാഷ്ട്രീയ ബ്ലോഗുകള്‍ അതാതു സമയത്തെ മീഡിയകള്‍ തരുന്ന വാര്‍ത്തകള്‍ക്കുമുപരി എഡിറ്റുചെയ്യപ്പെടാത്ത മറയില്ലാത്ത സത്യങ്ങളെന്ന വിശ്വാസ്യത ആര്‍ജ്ജിച്ചെടുത്തു. ബ്ലോഗുകള്‍ക്ക് മറ്റു മാധ്യമങ്ങളില്‍നിന്നു വ്യത്യസ്തമായി രാഷ്ട്രീയപരമോ ഭരണകൂടപരമോ ആയ യാതൊരു നിയന്ത്രണവുമില്ലാത്തതിനാല്‍ എല്ലാം തുറന്നുപറയുന്ന ഒരു രീതി അവലംബിച്ചിരുന്നു. അതുകൊണ്ടുതന്നെ ബ്ലോഗെഴുത്തിന്റെയും വായനയുടെയും വളര്‍ച്ച വളരെ പെട്ടെന്നും അമ്പരപ്പിക്കുന്ന തരത്തിലുമായിരുന്നു. രണ്ടാം ഇറാഖ് യുദ്ധകാലത്തെ സലാം പാക്‌സിന്റെ ബ്ലോഗുകളും അവ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചതും പ്രാരംഭകാല ബ്ലോഗുകളുടെ സ്വീകാര്യത വ്യക്തമാക്കുന്നു. അധികാരബലം മറയിട്ടു സൂക്ഷിച്ച സുപ്രധാനമായ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നതിലും ആദ്യകാല ബ്ലോഗെഴുത്തുകാര്‍ വിജയിച്ചതിലൂടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബ്ലോഗുകളെ അവഗണിക്കാന്‍ കഴിയാതെയായി. ബ്ലോഗെഴുത്തുകാര്‍ക്ക് ഏറെ സ്വീകാര്യത കൈവരികയും, മാധ്യമരംഗത്തെ മറ്റൊരു സുപ്രധാനഇടമായി ലോകം ബ്ലോഗുകളെ അംഗീകരിക്കാനും തുടങ്ങി. 2005 സെപ്തംബറില്‍ ബ്രിട്ടനിലെ 'ദി ഗാര്‍ഡിയന്‍' ദിനപ്പത്രം ബ്ലോഗുകള്‍ക്ക് മാത്രമായി ഒരു പംക്തി ആരംഭിച്ചതും, ബിബിസി അവരുടെ എഡിറ്റര്‍മാര്‍ക്കായി ഒരു വെബ്ലോഗ് തുടങ്ങിയതും ഇതിന്റെ തുടര്‍ച്ചയാണ്.
ബ്ലോഗിടങ്ങളിലെ മലയാളി സാന്നിധ്യം 
ലോകസാഹിത്യത്തിന്ന് മലയാളം നല്‍കിയ സംഭാവനകള്‍ക്കു സമാനമാണ് പുതിയ കാലത്തെ സാഹിത്യ സംവേദനത്തിന്റെ മാധ്യമമായ ബ്ലോഗു ലോകത്തും മലയാളിയുടെ സാന്നിദ്ധ്യം. 2004ല്‍ മലയാളം യൂണീകോഡില്‍   സൈബര്‍ സ്പേസില്‍   മലയാളത്തിന്റെ ഹരിശ്രീ കുറിച്ചതുമുതല്‍ മലയാളിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. എങ്കിലും 2003ല്‍ തന്നെ ബ്ലോഗില്‍  സാന്നിധ്യമറിയിച്ച  'പോള്‍' ആണ് സൈബര്‍ ലോകത്തെ ആദ്യ മലയാളിയായി  ഗണിക്കപ്പെടുന്നത് .  ഇന്നും  ബ്ലോഗില്‍ സജീവമായ നിഷാദ് കൈപ്പള്ളിയാണ് മലയാളം യൂണീകോഡില്‍ ആദ്യമായി ബ്ലോഗിങ്ങ് ആരംഭിച്ച മലയാളി എന്ന് അറിയപ്പെടുന്നത്.
ബ്ലോഗിങ്ങ് ഇന്ന്
പുതിയകാലത്തെ എഴുത്തുകാര്‍  എസ്റ്റാബ്ലിഷ്മെന്റുകളുടെ ജൈജാന്റിക് മതിലുകള്‍ക്കു മുന്നില്‍ ഊഴം കാത്തുനില്‍ക്കുന്നവരല്ല. കാരണം ആത്മപ്രകാശനത്തിന്ന്, സ്വയം വെളിപ്പെടലിന്ന് , പുതിയ കാലത്തോട് 'ഇതാ ഞാന്‍ 'എന്ന് സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നതിന്ന് അവന്ന് സ്വന്തമായി ഇടമുണ്ട്. അവര്‍ രാജകീയപാതയോരങ്ങളുടെ അലംകൃത പാനീസുകളായി വാഴ്ത്തപ്പെടുന്നില്ലെങ്കിലും ഹൃദയത്തിലെ വെളിച്ചവും, സുഗന്ധവും അപരന്നു പകര്‍ന്നുകൊടുക്കാന്‍ ഇടം നിഷേധിക്കപ്പെട്ട പ്രപിതാക്കളെ പോലെ ഭാഗ്യംകെട്ട ജന്മങ്ങളല്ല. അവര്‍ തെരുവിലും മണ്‍ചിരാതുകളായെങ്കിലും എരിഞ്ഞുനില്‍ക്കുന്നവരാണ്. തങ്ങളില്‍ വെളിച്ചമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവര്‍! വാഴ്ത്തപ്പെടുന്ന പൊള്ളയായ ശബ്ദഘോഷങ്ങള്‍ക്കിടയിലും ഒരു വരിയിലെങ്കിലും സംഗീതം ചേര്‍ക്കാന്‍ കഴിയുന്ന ഒറ്റപ്പെട്ട വേറിട്ട ശബ്ദങ്ങള്‍ ! ഏതു ആള്ക്കൂട്ടങ്ങള്‍ക്കിടയിലും, ബഹളലോകത്തിന്റെ പെരുമ്പറകള്‍ക്കിടയിലും വേറിട്ടു കേള്‍പ്പിക്കാന്‍ കഴിയുന്ന ചില ഈണങ്ങള്‍ സൂക്ഷിക്കുന്നവര്‍.... ! അവ കാലത്തിന് പകര്‍ന്നുനല്‍കുന്നവര്‍!
ലബ്ധപ്രതിഷ്ഠരായ ഉന്നത ശീര്‍ഷ സാഹിത്യകാരണവന്‍മാരുടെ സുവര്‍ണ്ണകാലവും, കാല്പനീകതയുടെ വിഭ്രമപ്രപഞ്ചവും, ഉത്തരാധുനികതയുടെ വിസ്‌ഫോടനവും കലയിലും സാഹിത്യത്തിലും വരുത്തിയ പരിണാമങ്ങളും, അവ അനുവാചകരിലുണ്ടാക്കിയ സ്വാധീനങ്ങളും, പേര്‍ത്തും, പേര്‍ത്തും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്. കല കലക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ, സാമൂഹിക പരിവര്‍ത്തനത്തിന്നുവേണ്ടിയോ എന്നൊക്കെ ചര്‍വ്വിത ചര്‍വ്വണം നടത്തി ആസ്ഥാന ബുദ്ധി ജീവികളുടെ പേനകളുടെ മഷി വറ്റുകയും തൊണ്ടവരളുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും വിഷയ ദാരിദ്ര്യങ്ങളില്‍ ഒത്തുതീര്‍പ്പാകാതെ സൈദ്ധാന്തിക വിശകലനങ്ങളുടെ ചക്കില്‍ ഇവ ഇപ്പോഴും അറ്റമില്ലാതെ കറങ്ങിക്കൊണ്ടേയിരിക്കുന്നുമുണ്ട്. അവര്‍ക്കിടയിലേക്കാണ് കീബോഡ് സാഹിത്യകാരന്‍മാരുടെ രംഗപ്രവേശം.
കീബോര്‍ഡില്‍ കൂട്ടിയെഴുതാന്‍ പഠിച്ച 'മംഗ്ലീഷ്' നവസാക്ഷരന്‍ മുതല്‍ എഴുതിത്തെളിഞ്ഞ സാഹിത്യകാരന്മാര്‍ വരെ മാറിയകാലത്തിന്റെ ഏറ്റവും വലിയ വിവര സംവേദനത്തിന്റെ മാധ്യമമായ സൈബര്‍ സാധ്യതകളുടെ ഇ-എഴുത്തിനെ ഉപയോഗിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അവനവന്റെ ഇടം സ്വയം നിശ്ചയിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് സൈബര്‍ കാലത്തെ സാഹിത്യ പ്രവേശനത്തിന്റെ ഗുണവശം. തന്റെ സൃഷ്ടിയെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരുത്തുക എന്നുള്ളത് ഓണ്‍ലൈന്‍ പ്രസിദ്ധീകരണവഴിയില്‍ ഏറ്റവും ലളിതമാണ്. അതാതുസമയങ്ങളിലെ അവനവന്റെ ഭാവനകളെ, നിലപാടുകളെ സ്വയം പ്രസിദ്ധം ചെയ്യാനുള്ള വഴിയാണ് 'ബ്ലോഗ്' എന്ന സാങ്കേതത്തിലൂടെ പുതിയ കാലത്തിന്നു കൈവന്നത്. എഴുത്തുകാരനും പ്രസാധകനും ഒരാള്‍ തന്നെയാകുന്നു എന്നുള്ളതാണ് ബ്ലോഗുസാഹിത്യ മേഖലയുടെ ഗുണവും ദോഷവും!
മതിയായ രീതിയില്‍ എഡിറ്റു ചെയ്യപ്പെടാത്തവയും സാഹിത്യഗുണം പ്രദര്‍ശിപ്പിക്കാത്തവയും നിരുപാധികം പബ്ലിഷ് ചെയ്യാന്‍ കഴിയും എന്ന ഒരു പൊതുവായ വസ്തുതകൊണ്ട് അതേഅച്ചിലിട്ട് എല്ലാ ബ്ലോഗുകളെയും സാമാന്യവല്‍ക്കരിച്ചുകൊണ്ടാണ് ബ്ലോഗെഴുത്തുകാരെ മുഖ്യധാരാമാധ്യമങ്ങളിലെ പാരമ്പര്യവാദികള്‍ ആക്ഷേപിക്കാറുള്ളത്.
ഇവരുടെ പല വിമര്‍ശനങ്ങളും മുന്‍ധാരണകളില്‍ നിന്ന് ഉരുത്തിരിയുന്നവയും അപക്വവും ആയിത്തീരാറുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനുശേഷം മലയാളകവിതയേയില്ല എന്ന് ഈയിടെയാണ് ഒരു നിരൂപക സ്ത്രീശബ്ദം നമ്മോട് വിളിച്ചുപറഞ്ഞത്. ഇത്തരം വ്യക്തിനിഷ്ഠങ്ങളായ ചില അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് ഒരു വിശാലലോകത്തെത്തന്നയാണ് ഇവര്‍ നിഷേധിക്കുന്നത്. ചുള്ളിക്കാട് എത്ര ഭാവനാവിലാസമുള്ള ശ്രേഷ്ഠകവി തന്നെയാകുമ്പോഴും അവര്‍ക്കുശേഷമുള്ള കാലത്തെ അടച്ചുനിഷേധിക്കുന്ന മനസ്സിനെ അപക്വം എന്നേ വിശേഷിപ്പിക്കാനാവൂ. ചുള്ളിക്കാടിന്നുശേഷവും തളിര്‍ത്തുപൂത്ത മാമരങ്ങളോടും പൂമരച്ചില്ലകളോടും എത്ര വലിയ നിഷേധമാണ് അവര്‍ നടത്തിയിട്ടുള്ളത് എന്ന് ചിന്തിക്കുക. മറ്റൊരു ഏച്ചിക്കാനത്തുകാരന്‍ ബ്ലോഗുസാഹിത്യകാരന്‍മാരെ കുറിച്ചു പറഞ്ഞത് അവര്‍ ' വെറും കൊള്ളിമീനുകള്‍ ' മാത്രമാണെന്നാണ്. പെട്ടെന്ന് മിന്നിക്കെട്ടുപോകുന്ന ക്ഷണികവെളിച്ചങ്ങളെന്ന്! ഒരു പക്ഷേ കാലാകാലം സാഹിത്യജോലി ചെയ്ത് കുടുംബം പുലര്‍ത്താം എന്നു പ്രതിജ്ഞ ചെയ്ത് എഴുത്തിന്നു പുറപ്പെട്ടു പോന്നിട്ടുള്ളവരല്ലാത്ത ചിലരെങ്കിലും ഇത്തരം 'കൊള്ളിമീനുകള്‍' എന്ന 'ആദരം' അര്‍ഹിക്കുന്നുണ്ട്. തങ്ങള്‍ക്കുള്ളിലെ ഭാവനയുടെ ഉറവ വറ്റിയാലും മുന്‍കാല പ്രസിദ്ധിയുടെ വിലാസത്തില്‍ എന്തുചവറും പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന, മാധ്യമങ്ങളിലെ വിലപ്പെട്ട പേജുകള്‍ മലീമസമാക്കാതെ വെളിച്ചമുള്ളപ്പോള്‍ മാത്രം കത്തിനില്‍ക്കുന്ന ചില സാന്നിദ്ധ്യങ്ങളാണ് ഇത്തരം കൊള്ളിമീന്‍ സാഹിത്യകാരന്‍മാര്‍. മുഖ്യധാരാമാധ്യമങ്ങളില്‍ എഴുതുന്ന ചിലരേക്കാള്‍ ഉയര്‍ന്നതലത്തില്‍ സാഹിത്യത്തോടും തന്റെ വായനക്കാരോടും നീതിപുലര്‍ത്തുന്ന അതേസമയം പ്രശസ്തിയുടെ ഔദാര്യങ്ങള്‍ക്കുപിറകെ പായാതെ, പ്രമോട്ടുചെയ്യാന്‍ ഗോഡ്ഫാദര്‍മാരില്ലാത്ത, ലൗഡ്‌സ്പീക്കര്‍ അനുചരവൃന്ദവുമില്ലാത്ത ഏകാന്ത സഞ്ചാരികള്‍! ഇവരുടെ രചനകള്‍ മതിയാംവിധം കാണാതെയോ വായിക്കാതെയോ അതിനു ശ്രമിക്കുകപോലും ചെയ്യാതെയാകും ഇത്തരം അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നത്.
ഈയടുത്തകാലത്ത് ഇന്ദുമേനോന്‍ ഒരു പ്രസിദ്ധീകരണത്തിലൂടെ ഒരു വിവാദപ്രസ്ഥാവന നടത്തി തന്നിലേക്ക് ശ്രദ്ധതിരിച്ചുവിട്ടിരുന്നു. ബ്ലോഗെഴുത്ത് എന്നത് 'ടോയ്‌ലറ്റ് സാഹിത്യമാണ് ' എന്ന പ്രയോഗത്തിലൂടെ.  ടോയ്‌ലറ്റ് സാഹിത്യം എന്നുള്ളത് കൊണ്ട് എന്തും അവനവന്റെ സ്വാതന്ത്ര്യത്തില്‍ ചുമരില്‍ എഴുതി വെക്കാനുള്ള ത്വരയായിട്ടായിരിക്കണം ഇന്ദുമേനോന്‍ നിര്‍വ്വചിച്ചിട്ടുണ്ടാവുക എന്നതുവ്യക്തം. മാറിയ കാലത്തെ ബ്ലോഗെഴുത്തിന്റെ വാശാലസാധ്യതകളിലേക്ക് പുതിയകാലത്തെ എഴുത്തുകാരെല്ലാം മാറിക്കഴിഞ്ഞപ്പോഴും തനിക്കു വഴങ്ങാത്ത സാങ്കേതികവിദ്യകളെ ഇങ്ങനെ കൊഞ്ഞനം കുത്തി തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിന്നുമുമ്പ് ഇന്ദുമേനോന്‍ ബ്ലോഗുകള്‍ എന്നാല്‍ മലയാളത്തില്‍ മാത്രം ഒതുങ്ങുന്ന എന്തോ നമുക്കു വഴങ്ങാത്ത സാഹിത്യരൂപമെന്ന പൊട്ടക്കുളത്തിലെ കൂപമണ്ഡൂകത്തിന്റെ കാഴ്ചവട്ടത്തുനിന്നും പുറത്തുവരേണ്ടതുണ്ട്. ബ്ലോഗുകളൊക്കെ ഇത്ര ജനകീയമാകുന്നതിനും മുമ്പ് തന്നെ കീ ബോര്‍ഡില്‍ എഴുത്തടങ്ങിയ മുന്‍പേ പറക്കുന്ന പക്ഷിയായി സി. രാധാകൃഷ്ണനെപ്പോലെയുള്ളവരെ ഇവരൊന്നും അറിയുകപോലുമുണ്ടാവില്ല.! മുഖ്യധാരാമാധ്യമങ്ങളില്‍ സജീവമായ പലരും സ്വന്തമായി ബ്ലോഗുള്ളവരാണെന്നതും ചിലപ്പോള്‍ അറിയാത്തത്. അല്ലെങ്കില്‍ അതിനൊപ്പം ചലിക്കാന്‍ കഴിയാത്തതിന്റെ മോഹഭംഗം! ഒരുപാടുവട്ടം പരീക്ഷയെഴുതിയിട്ടും ജയിച്ചുകയറാന്‍ കഴിയാത്ത പഴയ എസ്.എസ്.എല്‍.സി.ക്കാരന്റെ ഒരു പതിവുഗീര്‍വാണമുണ്ട്. 'ഈ കാലത്ത് പത്താംതരമൊക്കെ പാസ്സായിട്ട് എന്തുകാര്യം? അപ്പുറത്തെ വീട്ടിലെ രാമുവും സത്താറുമൊക്കെ ഗള്‍ഫില്‍ പോയും ബിസിനസ് ചെയ്തും പണമുണ്ടാക്കിയത് പത്താംതരം പാസ്സായിട്ടാണോ....? എത്ര പഠിച്ചു നമ്മുടെ അങ്ങേതിലെ രമേശന്‍ എന്നിട്ടും വല്ല ഗുണം പിടിച്ചോ? എന്നിങ്ങനെ രണ്ട് ഉദാഹരണവും അകമ്പടി ചേര്‍ത്ത് തന്റെ പോരായ്മകളെ മഹത്വവല്‍ക്കരിച്ച് സ്വയം ഒരു ആശ്വാസം കൊള്ളല്‍!
ബ്ലോഗെഴുത്തിനെ പൊതുവായി ആക്ഷേപിക്കാതെ പരോക്ഷമായി ഒളിയമ്പെയ്യുന്നവരാണ് മറ്റുചിലര്‍. തങ്ങള്‍ക്ക് എത്ര അനഭിമതനായിട്ടും വീ എസ്സിനെ ആദര്‍ശവല്‍ക്കരിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ അധിക്ഷേപിക്കുന്ന ചില മഞ്ഞപ്പത്രമാധ്യമക്കസര്‍ത്തുകള്‍ പോലെ, മെസ്സിയെന്ന ലോക ഫുഡ്‌ബോളറെ വേറിട്ടുവാഴ്ത്തി അര്‍ജന്റീന എന്ന സോക്കര്‍  ശക്തിയെ കൊച്ചാക്കുന്ന നെഗറ്റീവ് യുദ്ധമുറകള്‍... a  കൊള്ളാം. പക്ഷേ z വരെയുള്ള മറ്റെല്ലാവരും വികലാംഗരാണെന്ന ഒരു കൗശലം കലര്‍ന്ന സൗന്ദര്യവീക്ഷണം.
സ്വയം വിമര്‍ശനം
ബ്ലോഗുകള്‍ എന്നാല്‍ മലയാള സാഹിത്യത്തിന്റെ പൂര്‍ണ്ണ വളര്ച്ച പ്രാപിച്ച രൂപമാണെന്നോ എല്ലാ ബ്ലോഗുകളും സമാന്തര പ്രസിദ്ദീകരണങ്ങളുടെ തുല്യ നിലവാരത്തില്‍ സന്തുലനം പാലിക്കുന്നുണ്ടെന്നോ ആരും അവകാശപ്പെടുന്നില്ല. സ്വയം പ്രസാധനം എന്ന എളുപ്പവഴിയില്‍ തന്നെ അതിന്റെ ഗുണ ദോഷങ്ങള്‍ വെളിപ്പെടുന്നുണ്ട്
മുഖ്യധാരാ മാധ്യമങ്ങള്‍ വിലാസമുള്ള എഴുത്തുകാരന്റെ പതിവു രുചികള്‍ ആവര്‍ത്തിക്കുകയും ശ്രദ്ദേയരായ പുതിയ എഴുത്തുകാര്‍ക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്നിടത്ത് നിന്നാണ് ബ്ലോഗെഴുത്തുകാര്‍ ജനിക്കുന്നത്.
പതിവു മാധ്യമങ്ങളില്‍ പ്രതിഭ വറ്റിയിട്ടും പാകമാകാതെ തച്ചു പഴുപ്പിക്കുന്ന പ്രസിദ്ദരുടെ അരുചികള്‍ ആവര്ത്തിക്കുന്നിടത്താണ് പുതിയ കാലത്തെ ബ്ലോഗ് വായനകള്‍ തുടങ്ങുന്നതും.
അച്ചടി മാധ്യമങ്ങളില്‍ പിറക്കുന്നവയെല്ലാം പൂര്‍ണ്ണ വളര്ച്ച എത്തിയ ജന്മങ്ങളാണെന്നു അവകാശപ്പെടാന്‍ കഴിയാത്തത് പോലെ തന്നെയാണ് ബ്ലോഗിടങ്ങളിലും സംഭവിക്കുന്നതും. എന്നാല്‍ സാഹിത്യ ഗുണത്തെയും, ഭാഷയെയും, കാലത്തെയും വര്‍ഗ്ഗീകരിച്ചു തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു 'സുപ്രീം പവര്‍' (എഡിറ്റര്‍ ) അച്ചടി മാധ്യമങ്ങളില്‍ ഉള്ളപ്പോള്‍ പോസ്റ്റ് ചെയ്യപ്പെടുന്ന സൃഷ്ട്ടികളുടെ ബാഹുല്യത്തിനനുസരിച്ച് ബ്ലോഗ്‌ ലോകം പോലെ വിശാലമായ ഒരിടത്ത് അങ്ങിനെ ഒരു തിരഞ്ഞെടുപ്പ് സാധ്യമല്ലാത്തതിനാല്‍ പല രചനകളും പൂര്‍ണ്ണമായ പണിക്കുറ തീര്ന്നവയാകുന്നില്ല എന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ഓരോ രചനകളുടെയും അടിയില്‍ വായിക്കുന്ന സമയത്ത് തന്നെ വായനക്കാര്‍ എഴുതുന്ന കമന്റുകളിലൂടെ തന്റെ രചനയെ കുറിച്ചൊരു കേവലരൂപം രചയിതാവിന് കിട്ടുന്നു എന്നുള്ളൊരു  ഗുണവശം കൂടി ഇതിനുണ്ട്.
ശരിയാം വിധം നിഷ്പക്ഷമായി നടത്തുന്ന നിരൂപണങ്ങളിലൂടെയും, വിമര്‍ശനങ്ങളിലൂടെയും തന്റെ പോരായ്മകളെ തിരിച്ചറിയാനും, അതിനനുസരിച് എപ്പൊഴും തന്റെ രചനയെ എഡിറ്റു ചെയ്തു കുറ്റമറ്റതാക്കാനും രചയിതാവിന് കഴിയും. 
നല്ല രചനകള്‍ക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളിലൂടെ ആത്മ വിശ്വാസം കൈവരാനും, തന്റെ സിദ്ദിയെ വളര്‍ത്തിയെടുക്കാനും ഇത്തരം വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള സംവേദനങ്ങളിലൂടെ സാധ്യമാവുകയും ചെയ്യും.
എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ പരസ്പരം തലോടലിന്റെയും അഭിനന്ദനങ്ങളുടെ കൊടുത്തു വാങ്ങലുകളുടെയും ബാര്‍ട്ടര്‍ സമ്പ്രദായങ്ങളാണ് മിക്ക ബ്ലോഗുകളുടെയും കമന്റു ബോക്സുകള്‍ നിരക്കുന്നതെന്നതൊരു സത്യമാണ്.
ബ്ലോഗര്‍മാര്‍ക്ക് തൊട്ടാല്‍ പൊട്ടുന്ന ചില്ല് കൂടുകളുടെ ആവരണമാണുള്ളതെന്ന്  ഈയിടെ നടന്ന ഒരു ഓണ്‍ ലൈന്‍ കൂട്ടായ്മയുടെ ക്യാമ്പില്‍ ഉയര്‍ന്നു കേട്ടിരുന്നു. മിക്കപ്പോഴും അതൊരു യാഥാര്‍ത്യവും ആണെന്ന് മനസ്സിലാക്കാം.
നിരന്തരമായ വായനകളിലൂടെയും സമകാലിക സാഹിത്യകാരന്മാരുമായുള്ള സമ്പര്‍ക്കത്തിലൂടെയും സ്വന്തം രചനകളെ തിരുത്തുകയും നവീകരിക്കുകയും ചെയ്യാന്‍ ഓരോ പുതിയ ബ്ലോഗര്‍മാരും ശ്രദ്ദിക്കേണ്ടതുണ്ട്. പുതിയ കാലത്തെ പല ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും അങ്ങിനെയുള്ള സഹകരണങ്ങളും അനുഗ്രഹീത എഴുത്തുകാരുടെ ശിക്ഷണവും കാണാനാവുന്നുണ്ട് എന്നത് ശുഭ സൂചകമാണ്.
പ്രാദേശിക ഭാഷാ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍, ബ്ലോഗേര്‍സ് കൂട്ടായ്മകള്‍ എന്നിവയിലൂടെ ബ്ലോഗ് രംഗത്തെ ശ്രദ്ദേയമായ രചനകള്‍ സമാഹരിച്ചു   പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതും പുതിയ കാല്‍ വെപ്പാണ്‌. ഇത്തരം സാഹിത്യ ക്യാമ്പുകളിലൂടെയും, ശില്‍പ്പശാലകളിലൂടെയും പുതിയൊരു സാഹിത്യലോകം ഉരുവപ്പെട്ടുവരുന്നു എന്നതും മോണിട്ടറിന്  മുന്നില്‍ നിന്നും അവയില്‍ പലതും അച്ചടിയുടെ ലോകത്തേക്ക് ആനയിക്കപ്പെടുന്നു എന്നതുമാണ്‌ ഇവയുടെ ശിഷ്ട്ടഫലം. ആരൊക്കെ ദുര്‍ബ്ബലമായ കൈകള്‍ കൊണ്ടു പൊത്തിപ്പിടിക്കാനും ഊതിക്കെടുത്താനും ശ്രമിക്കുന്നുണ്ടെങ്കിലും ബ്ലോഗെഴുത്തുകാര്‍ എന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പല അനുഗ്രഹീത എഴുത്തുകാരും പുതിയ സൂര്യന്മാരായി ഉദിച്ചു വരുന്നുണ്ടെന്നതൊരു യാഥാര്ത്യമാണ്.
2009 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടിയ 'ആടുജീവിത'ത്തിന്റെ കര്‍ത്താവായ ബെന്യാമിന്‍ പറയുന്നത് പോലെ 
"സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ബ്ലോഗുകളുമൊക്കെ ഇന്നൊരു സാമൂഹിക യാഥാര്ത്യമാണ്. ഇന്നിന്റെ കഥ പറയുന്ന ഒരാള്‍ക്ക് അതിനെ ഒഴിവാക്കി ക്കൊണ്ട് ഒന്നും പറയാന്‍ കഴിയില്ല. ചില എഴുത്തുകാരുടെ അത്തരത്തിലുള്ള അഭിപ്രായം പരിജ്ഞാനക്കുറവു കൊണ്ടു മാത്രം സംഭവിക്കുന്നതാണ് ". 
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മരണപാശവുമായി കപില്‍ സിബല്‍
മുല്ലപ്പൂവിപ്ലവങ്ങളുടെ 'ഭയഭൂതം' ആവേശിച്ച  ഭരണകൂടങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു മേല്‍ തടയിടാന്‍ പുതിയ നിയമ നിര്‍മ്മാണങ്ങളുടെ തിരക്കിലാണ് . അണ്ണാ ഹസാരെമാര്‍ പുതിയ കാലത്തെ ആകര്‍ഷണീയ മുദ്രാവാക്യങ്ങള്‍ കൊണ്ടു ജനസമ്മിതി ഹൈജാക്ക് ചെയ്യുമ്പോഴും 2 G സ്പെക്ട്രം പോലെയുള്ള ഭരണകൂട നഗ്നതകള്‍ വിളിച്ചു പറയുന്ന ഗോപീകൃഷ്ണന്മാര്‍ സമാന്തര മാധ്യമങ്ങളിലൂടെ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുമ്പോള്‍ സ്വതന്ത്ര അഭിപ്രായങ്ങളും നിലപാടുകളും അതാതു സമയങ്ങളില്‍ പങ്കു വെക്കുന്ന എല്ലാ വായകളും മൂടിക്കെട്ടണം ...!!
പക്ഷെ അധികാരത്തിന്റെ ഇരുമ്പു മറക്കുള്ളില്‍ ഏതു നിയമങ്ങള്‍ കൊണ്ടാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടവിലിടാനാവുക?
ബ്ലോഗ് ചരിത്രം :വിവരങ്ങള്‍ക്ക് കടപ്പാട് 
വിക്കിപീഡിയ , 'ബ്ലോഗ്‌ ഭൂമി' ആദര്‍ശ്, 'കടലാസ്' കുഞ്ഞിമുഹമ്മദ് 

Saturday, January 14, 2012

വര്‍ണ്ണങ്ങള്‍ക്ക് കൂട്ടിരിക്കുന്നവര്‍

വരകളുടെയും വര്‍ണ്ണങ്ങളുടെയും സാംസ്കാരിക ഭൂതകാലത്തേക്ക് അനന്തപുരി പുതിയൊരു വഴി വെട്ടുകയാണ്


12 y 12 എക്സിബിഷന്‍ എന്നത് കൊണ്ടു ഒരു ഔപചാരിക ചിത്രപ്രദര്‍ശനത്തിന്റെ പതിവു രീതികളെ അനുകരിക്കുകയല്ല creant art gallery. അത് പുതിയ കാലത്തേക്ക് ഒരു കാന്‍വാസ് ഒരുക്കുകയാണ് . പുതിയ തലമുറയുടെയും പഴയ തലമുറയുടെയും വര്‍ണ്ണക്കൂട്ടുകള്‍ക്ക് ചേര്‍ന്നിരിക്കാനും സംവേദനം ചെയ്യുവാനും പ്രകാശിതമാകാനും ഒരു ഇരിപ്പിടം!

കലയിലും സാഹിത്യത്തിലും സാംസ്കാരിക മേഖലയിലും ഒട്ടും പിറകിലല്ലാത്ത അനന്തപുരിയില്‍ പുതിയ വരകളെ കണ്ടെത്തുവാനും അവ ജനങ്ങളിലേക്ക് എത്തിക്കുവാനും ഒരു വേദി ഒരുക്കുക കൂടിയാണ് creant .

മലയാളത്തിലെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ അംഗങ്ങളെ ഉള് വഹിക്കുന്നതുമായ സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം . കോമിന്റെ സഹകരണത്തോടെ പ്രശസ്ത ചിത്രകാരി സജിതാ ശങ്കറിന്റെ മേല്‍നോട്ടത്തില്‍ ജെന്സര്‍ ഹോളിഡെയ്സിനോട് കൈകോര്‍ത്താണ് ക്രന്റിന്റെ പിറവി .

12.1.2012 നു പോയ തലമുറയിലെ അനുഗ്രഹീത ചിത്രകാരന്‍ സി.എല്‍ പൊറിഞ്ചുകുട്ടി ഭദ്രദീപം കൊളുത്തി പ്രദര്‍ശനത്തിനു തുടക്കംകുറിച്ചു. ചിത്ര കലയുടെ സാങ്കേതിക വശങ്ങളെകുറിച്ചും, വര്‍ത്തമാനത്തെകുറിച്ചും, അതിന്റെ പുതിയ സാധ്യതകളെ കുറിച്ചും, പ്രശസ്ത ചിത്രകാരന്‍ കാനായി കുഞ്ഞിരാമന്‍ കാഴ്ച്ച്ചക്കാരുമായി പങ്കുവെച്ചു.

ചിത്ര വീക്ഷണം

ചിത്രകലയിലെ പുതു ശബ്ദങ്ങള്‍ക്ക്‌ കാലത്തോട് വെളിപ്പെടുത്താനുള്ളത് എന്താണെന്നതിന്റെ വിളംബരങ്ങളാണ് ഓരോ കാന്‍വാസും സംസാരിക്കുന്നത്.

സംഭീതമായ ഒരു കാലത്തെ അതിജീവിക്കാനുള്ള ശ്രമങ്ങളാണ് അനു റിന്‍സിയുടെ നിറങ്ങള്‍ നമ്മോടു പറയുന്നത്

ഒരു ഫോട്ടോഗ്രാഫ് എന്ന് തോന്നിപ്പിക്കും വിധം അത്ര കൃത്യതയോടെ റിയലിസ്റ്റിക്‌ രീതി പിന്തുടരുകയാണ് സജീഷ്.

പ്രകൃതിയെയും മനുഷ്യനെയും സംയോജിപ്പിച്ച് യന്ത്ര യുഗത്തില്‍ നിന്നും പിന്‍ നടത്തുന്നു സതീഷ്‌.

നെടുകെ മുറിച്ച ഫലത്തിനുള്ളില്‍ വിനാശകരമായ ആയുധ മൂര്‍ച്ചകളെ ആവിഷ്കരിക്കുന്ന രാകേഷ് പുളിയറക്കോണം ബിംബങ്ങളിലൂടെയാണ് സംസാരിക്കുന്നത്.

ഭീതിയുടെ നൂല്‍പ്പാലത്തിലൂടെ മറുകര തേടിയുള്ള മനുഷ്യന്റെ സഞ്ചാരമാണ് ജഗേഷ് എടക്കാട് ഫാന്റസി ചേര്‍ത്ത് അവതരിപ്പിക്കുന്നത്.

നിമ്മി മെല്‍വിന്‍ കറുത്ത കാലത്തും പ്രതീക്ഷകളുടെ കൊടിക്കൂറകള്‍ ഉയര്‍ത്തുന്ന സ്വപ്നങ്ങളുടെ വാഴ്ത്തുകാരിയാണ്.

അനൂപിന്റെ ചിത്രങ്ങള്‍ ദുരിത ജീവിതത്തിന്റെ ആത്മഭാഷണങ്ങളാണ് .

ഓരോ പോയിന്റിലും സൂക്ഷ്മതയുടെയും കൃത്യതയുടെയും മുദ്ര പതിപ്പിച്ച റിയലിസ്റ്റിക് രീതിയാണ് മിനേഷ് കുമാര്‍ പിന്തുടരുന്നത്. അലുമിനിയം ഷീറ്റില്‍ എച്ചു ചെയ്തെടുത്ത ചിത്രങ്ങള്‍ സ്വാഭാവിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.

ഒരു വിത്തിന്റെ രൂപാന്തരത്ത്തിലൂടെ പ്രകാശന്‍ വ്യക്തമാക്കുന്നത് ഒരു മുഴുലോകത്ത്തിന്റെ തന്നെ അവസ്ഥയാണ്.

ഹോചിമിന്‍ അബ്സ്ട്രാക്റ്റ് ചിത്ര രീതിയിലൂടെ സൌഹൃദങ്ങളുടെ ആഴങ്ങളെയും കപടതയെയും നേരിയ കോറലുകള്‍ കൊണ്ടു പോലും വായിച്ചെടുക്കാന്‍ കഴിയും വിധം അവതരിപ്പിച്ചിട്ടുണ്ട്.

യാമിനിയുടെ ചിത്രങ്ങളില്‍ വര്‍ണ്ണങ്ങളുടെ കുത്തൊഴുക്കാണ് . വെളിപ്പെടുത്താനുള്ള ആത്മ സംഗീതത്തിന്റെ ചിത്ര ഭാഷ്യങ്ങളാണ്‌ യാമിനിയുടെ ചിത്രങ്ങളില്‍ ഉള് ചേര്‍ന്ന് കിടക്കുന്നത് .

ഏകാന്തനായ ചിത്രകാരന്റെ ആകാശക്കാഴ്ച്ചകളില്‍ മിഴിനട്ടാണ് ഷാന്ടോ ആന്റണി തന്റെ ചിത്രങ്ങള്‍ക്ക് നിറം പകര്‍ന്നിട്ടുള്ളത്.

പരസ്യപ്പലകകളില്‍ സ്വയം അനാവൃതമാകുന്ന വര്‍ത്തമാന സ്വത്വങ്ങളെ കൂടി ഷാന്ടോ കാഴ്ചക്ക് മുന്നിലെത്തിക്കുന്നു.

പ്രദര്‍ശനം ജനു: 29 നു അവസാനിക്കും.



ചില മുഹൂര്‍ത്തങ്ങള്‍......



ഭദ്രദീപം. സി.എല്‍ പൊറിഞ്ചുകുട്ടി


ചിത്രങ്ങളെ കുറിച്ച്..... കാനായി കുഞ്ഞിരാമന്



പ്രശസ്ത ചിത്രകാരി സജിതാ  ശങ്കര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം


ഗാലറി സന്ദര്‍ശിച്ച ഇ എം എസ്സിന്റെ പുത്രി രാധചേച്ചിയുടെ കൂടെ....